പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ ലഹരിക്കടത്തുകാരനും കൂട്ടാളിയും അറസ്റ്റിൽ
text_fieldsഷൈജു ഖാൻ, പൊടിമോന്
ചാരുംമൂട്: പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് മോഷണം കവര്‍ച്ച നടത്തിയ കേസിൽ കുപ്രസിദ്ധ ലഹരിക്കടത്തുകാരനും മോഷ്ടാവും അറസ്റ്റിലായി. ചാരുംമൂടിന് സമീപം താമസക്കാരനായ ലഹരിക്കടത്തുകാരന്‍ നൂറനാട് പുതുപ്പളളിക്കുന്നം മുറിയില്‍ ഖാന് മന്‍സില്‍ വീട്ടില്‍ ഷൈജുഖാന് എന്ന പി.കെ. ഖാന് (42), നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ട അമ്പലപ്പുഴ വളഞ്ഞവഴി മുറിയില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിച്ചന്‍ എന്ന പൊടിമോന് (27) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 നാണ് ചാരുംമൂട് ടൗണിനു സമീപം മുറുക്കാൻ കട നടത്തുന്ന താമരക്കുളം വേടരപ്ലാവ് സന്ധാഭവനം സതിയമ്മയുടെ വീട് കുത്തിത്തുറന്ന് ഒരു പവൻ സ്വര്‍ണവളയും 52000 രൂപയുമാണ് കവർന്നത്.
ചാരുംമൂട് ജങ്ഷനില്‍ മുറുക്കാന്‍ കട നടത്തുന്ന സതിയമ്മ കടയിലേക്ക് പോയ സമയത്തണ്കവർച്ച നടന്നത്. നൂറനാട് പൊലീസും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തിയിരുന്നു. ജില്ല പോലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശ പ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ ബിനുകുമാറിന്റെ മേല്‍ നോട്ടത്തില്‍ പ്രത്യേക സംഘമായിരുന്നു അന്വേഷണം.
നൂറനാട് എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ഓച്ചിറക്ക് സമീപം ദേശീയ പാതയില്‍ വച്ച് പിക്കപ്പ് വാന്‍ ഓടിച്ചു വരികയായിരുന്ന ഷൈജു ഖാനെ അന്വേഷണ സംഘം വാഹനം തടഞ്ഞ് പിടികൂടി. തുടര്‍ന്ന് പൊടിമോനെ പുതുപ്പളളി ഭാഗത്തു വച്ചും കസ്റ്റഡിയില്‍ എടുത്തു. സബ് ഇന്‍സ്പെക്ടര്‍ എസ്.മിഥുന്, എ.എസ്.ഐ സിനു വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജി.ഉണ്ണികൃഷ്ണപിളള, മുഹമ്മദ് ഷെഫീഖ്, അരുണ്‍ ഭാസ്കര്‍, വിഷ്ണു വിജയന്, കലേഷ്.കെ, അന്‍ഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.