ചാരുംമൂട് ബസ്സ്റ്റാൻഡിനായി കാത്തിരിപ്പ് നീളുന്നു
text_fieldsതിരക്കേറിയ ചാരുംമൂട് ജങ്ഷൻ
ചാരുംമൂട്: രൂക്ഷമായ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചാരുംമൂട്ടിൽ ബസ്സ്റ്റാൻഡിനായുള്ള കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിന് അടിയന്തരമായി നടപടിയുണ്ടാകണമെന്നാണ് ആവശ്യം. കെ.പി റോഡിൽ കായംകുളത്തിനും അടൂരിനും മധ്യേയുള്ള ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് ചാരുംമൂട്. നൂറനാട്, ചുനക്കര, താമരക്കുളം ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലം കൂടിയാണ്.
കായംകുളം-പുനലൂർ സംസ്ഥാന പാതയും കൊല്ലം-തേനി ദേശീയപാതയും ചേരുന്ന പ്രധാന ജങ്ഷനാണ്. ഈ രണ്ടുറോഡിലും കൂടി നൂറിലധികം കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളാണ് ദിനംപ്രതി സർവിസ് നടത്തുന്നത്.
നൂറുകണക്കിന് ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ചാരുംമൂട്ടിൽ എത്തുന്നത്. ബസ് സ്റ്റോപ്പുകളിലേക്കുള്ള ദൂരം കൂടുതലാണ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. ജങ്ഷന്റെ നാല് ഭാഗത്തായുള്ള ബസ് സ്റ്റോപ്പുകളിലേക്ക് ബസിൽ കയറാൻ യാത്രക്കാരുടെ നെട്ടോട്ടമാണ്. മാത്രമല്ല ഗതാഗതക്കുരുക്കും പതിവാണ്. ഇതിന് ശാശ്വത പരിഹാരമായാണ് ചാരുംമൂട്ടിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നത്.
ജങ്ഷനിൽനിന്ന് 200 മീറ്റർ കിഴക്കുമാറിയാണ് അടൂർ, പന്തളം ഭാഗങ്ങളിലേക്കുള്ള ബസുകളുടെ സ്റ്റോപ്. ജങ്ഷനിൽനിന്ന് 100 മീറ്ററിലേറെ അകലെയാണ് കായംകുളം, ചെങ്ങന്നൂർ, ഭരണിക്കാവ് ഭാഗങ്ങളിലേക്കുള്ള ബസുകളുടെ സ്റ്റോപ്. കായംകുളത്തുനിന്നും താമരക്കുളത്തേക്ക് പോകേണ്ട യാത്രക്കാർ കിഴക്കുഭാഗത്തെ സ്റ്റോപ്പിൽ ഇറങ്ങി 300 മീറ്റർ നടന്നേ താമരക്കുളത്തേക്കുള്ള ബസിൽ കയറാൻ കഴിയൂ.
എന്നാൽ, പല യാത്രക്കാരും സിഗ്നലിൽ വാഹനം നിർത്തുമ്പോൾ ഡോർ തുറന്ന് ചാടിയിറങ്ങുന്നത് അപകടത്തിന് കാരണമാകുന്നു. മഴക്കാലമായാൽ ഒരു സ്റ്റോപ്പിൽനിന്ന് മറ്റൊരു സ്റ്റോപ്പിലേക്ക് എത്താൻ ഓട്ടോയെ ആശ്രയിക്കേണ്ടി വരും. സ്വകാര്യ ബസിലെ ജീവനക്കാർ തമ്മിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടാകുന്നതും പതിവാണ്.
വർഷങ്ങൾക്ക് മുമ്പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന് സമീപം ബസ് സ്റ്റാൻഡ് സ്ഥാപിക്കാൻ താമരക്കുളം ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. പിന്നീട് ഇവിടെ കുട്ടികളുടെ പാർക്ക് സ്ഥാപിച്ചു. ചാരുംമൂട്ടിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങണമെന്നും ആവശ്യവും ഉയർന്നെങ്കിലും പരിഹാരമായില്ല. ജങ്ഷനിലെ അനധികൃത പാർക്കിങ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതിനും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് നിലവിൽ ജങ്ഷന് സമീപത്തായി സർക്കാർ സ്ഥലം കണ്ടെത്തി സ്റ്റാൻഡ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.