നൂറ്റവന്‍പാറ പദ്ധതി ഉണ്ടായിട്ടും കുടിവെള്ളം കിട്ടുന്നില്ല
text_fieldsനൂറ്റവൻപാറ കുടിവെള്ള പദ്ധതിയിലെ പൊതുടാപ്പുകൾ
ചെങ്ങന്നൂർ: നൂറ്റവന്‍പാറ നിവാസികള്‍ക്ക് ദാഹജലം വേണമെങ്കില്‍ കുന്നിറങ്ങണം. ചെങ്ങന്നൂർ താലൂക്കിലെ ഉയർന്ന ഗ്രാമപ്രദേശമാണ് പുലിയൂരിലെ നൂറ്റവൻപാറ. പ്രദേശത്ത് 300ഓളം കുടുംബങ്ങളുണ്ട്. ഇവര്‍ക്ക് കുടിവെള്ളത്തിനായി പ്രത്യേക പദ്ധതിയുമുണ്ട്. ദീര്‍ഘവീക്ഷണമില്ലാതെയുള്ള പദ്ധതി നിര്‍വഹണം പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ചു. അഞ്ചരപതിറ്റാണ്ട് മുമ്പാരംഭിച്ച നൂറ്റവൻപാറ കുടിവെള്ള പദ്ധതിക്ക് നിലവിലെ ജനസംഖ്യാനുപാതികമായി വിപുലീകരണമില്ലാത്തതും അശാസ്ത്രീയ അറ്റകുറ്റപ്പണിയുമാണ് ദുരിതപൂർണമായ അവസ്ഥയിലെത്തിച്ചത്. പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വർഷം മുഴുവനും കുടിവെള്ളം പണം കൊടുത്തുവാങ്ങേണ്ട അവസ്ഥയാണ്. വീടുകളുടെ സ്ഥാനവും ദുർഘടമായ കയറ്റിറക്ക നടവഴിയും ദൂരവുമൊന്നും പരിഗണിക്കാതെ അശാസ്ത്രീയമായാണ് പൊതുടാപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരേ വലുപ്പത്തിലുള്ള നൂറുകണക്കിനു മീറ്റർ നീളത്തില്‍ കിഴുക്കാന്തൂക്കായുള്ള പൈപ്പ് ലൈനും മധ്യഭാഗത്തെ താമസക്കാർക്ക് വെള്ളം കിട്ടാത്തതിനു പ്രധാന കാരണമായി. പാറമുകളിലെ സംഭരണിയിൽനിന്നുള്ള വെള്ളം അവസാന ടാപ്പുകളിലേക്കാണ് എത്തുന്നത്. ഇതുമൂലം ഇടക്കുള്ള പൊതുടാപ്പുകളിലും വീടുകളിലും വെള്ളംകിട്ടാതായി. ഇക്കാര്യങ്ങള്‍ വർഷങ്ങളായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിട്ടും ഒരു നടപടിയുമില്ല.
വേനൽ കടുത്തതോടെ കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ജനസംഖ്യാനുപാതികമായി പദ്ധതി വിപുലീകരിച്ചാല്‍ തീരുന്ന കുടിവെള്ള പ്രശ്നമേ നൂറ്റവർപാറ പ്രദേശത്തുള്ളൂ. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികാരികളും ജലഅതോറിറ്റിയും അനാസ്ഥ കാട്ടുകയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.