ബൃഹദ് പദ്ധതികൾ ഏറെ; കുടിവെള്ളത്തിനായി നെട്ടോട്ടം
text_fieldsപമ്പാ നദിയിലെ മാന്നാർ മുല്ലശ്ശേരി കടവിൽ നിർമാണം പൂർത്തീകരിച്ച പമ്പ് ഹൗസ്
ചെങ്ങന്നൂർ: പമ്പ, അച്ചൻകോവിൽ, മണിമല ആറുകളും അതിന്റെ കൈവഴികളാലും സമ്പുഷ്ടമായ ജലസ്രോതസ്സുകൾ ഏറെയുള്ള ചെങ്ങന്നൂർ മണ്ഡലത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം. ബൃഹത് പദ്ധതികളെല്ലാം ഇപ്പോഴും ശൈശവാവസ്ഥയിലാണ്.
10 ഗ്രാമപഞ്ചായത്തും ഒരുനഗരസഭയും ഉൾപ്പെട്ട മണ്ഡലത്തിൽ ചെങ്ങന്നൂർ, ചെറിയനാട്, ചെന്നിത്തല എന്നിവിടങ്ങളിൽ മാത്രമാണ് സമ്പൂർണമല്ലാത്ത ശുദ്ധജല വിതരണ പദ്ധതികളുള്ളത്. എല്ലാ വീടുകളിലും സൗജന്യ കണക്ഷൻ എന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമായ ജൽജീവൻ പദ്ധതിയും ഒരിടത്തും പൂർത്തിയാക്കാനായിട്ടില്ല.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ളതാണെങ്കിലും വ്യക്തമായ ഏകോപനവും ലക്ഷ്യവുമില്ലാത്ത പ്രവൃത്തികളാണ് നടക്കുന്നത്. വാട്ടർ അതോറിറ്റി, ജൽജീവൻ, കിഫ്ബി തുടങ്ങിയ അഞ്ചോളം തലത്തിലുള്ള പണികളാണ് നടക്കുന്നത്.
ചെങ്ങന്നൂർ, മാവേലിക്കര, കായംങ്കുളം, ആലപ്പുഴ എന്നിവിടങ്ങളിലെ അഞ്ചോളം ഓഫിസുകളുടെ പരിധികളിലായിട്ടാണ് മണ്ഡലവുമായ ബന്ധപ്പെട്ട ജലവിഭവ വകുപ്പിന്റെ പ്രവർത്തനം. ജൽജീവൻ പദ്ധതിയുടെ കരാർ കാലാവധി 2024 മാർച്ച് 31ന് തീർന്നതോടെ പുതുക്കി നൽകാത്തതിനാൽ പണിയെല്ലാം നിലച്ചു.
കരാറുകാരുടെ ഫൈനൽ ബിൽ സംബന്ധിച്ചുള്ള തർക്കത്തിൽ കോടതി വ്യവഹാരത്തിലായതിനാൽ ചെന്നിത്തല-മാന്നാർ പഞ്ചായത്തുകളിൽ സ്തംഭനത്തിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
മാന്നാർ -5763, ചെന്നിത്തല-തൃപ്പെരുംന്തുറ -5485, ചെങ്ങന്നൂർ -2850, ചെറിയനാട്-5000 എന്നിങ്ങനെ 20,098 പൈപ്പ് ലൈൻ കണക്ഷനുകൾ മാത്രമാണ് വാട്ടർ അതോറിറ്റി-ജൽജീവൻ എന്നീവിഭാഗങ്ങൾക്കായുള്ളത്.
കിഫ്ബിയിൽ മുളക്കുഴ, ആലാ, വെൺമണി ഗ്രാമപഞ്ചായത്തുകൾക്കായി 500 കോടിയുടെ പദ്ധതികളാണ് നടക്കുന്നതെന്ന് എം.എൽ.എ ഓഫിസ് അറിയിച്ചു.
മുളക്കുഴയിലെ കളരിത്തറയിൽ ആറരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ ഫേളാർ സ്ലാബിന്റെ കമ്പികെട്ട് അവസാന ഘട്ടത്തിലാണെന്നും വെൺമണി പാറച്ചന്തയിലെ 10 ലക്ഷം ലിറ്റർ ടാങ്കിന്റെ ഫൗണ്ടേഷൻ കോൺക്രീറ്റിന്റെ കമ്പികെട്ടും പൂർണതയിലേക്ക് എത്തിയതായും ആലപ്പുഴ പ്രോജക്ട് അസി. എൻജിനീയർ പറഞ്ഞു.
ആലായിലെ ജൽജീവൻ പൈപ്പ് ലൈനിന്റെ പണി പുരോഗമിക്കുകയാണ്. പമ്പാനദിയിൽ ഒരുകിലോമീറ്ററിനുള്ളിൽ രണ്ട് പമ്പ് ഹൗസാണുള്ളത്. ആലപ്പുഴയിലെ ജപ്പാൻ കുടിവെള്ള പദ്ധതിയിലേക്ക് തകഴിയിലെ ജലശുദ്ധീകരണശാലയിലേക്ക് കടപ്ര പഞ്ചായത്തിലെ സൈക്കിൾ മുക്കിൽനിന്നാണ് ജലം ശേഖരിക്കുന്നത്.
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിക്കായി തൊട്ടടുത്ത മാന്നാർ ഗ്രാമപഞ്ചായത്തിലെ കുരട്ടിശ്ശേരി പാവുക്കര മൂന്നാംവാർഡിലെ മുല്ലശ്ശേരി കടവിൽ പമ്പ് ഹൗസിന്റെ പണി പൂർത്തീകരിച്ചു.
(തുടരും)