സവിതക്ക് പാട്ടൊരുക്കി പ്രിയതമൻ
text_fieldsസ്ഥാനാർഥി സവിതയും ഭർത്താവ് നിശീകാന്തും തെരഞ്ഞെടുപ്പ് ഗാനമൊരുക്കുന്നു
ചെങ്ങന്നൂർ: ബ്ലോക്ക് പഞ്ചായത്ത് ബുധനൂർ ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥി 47കാരിയായ സവിത നിശീകാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണഗാനമൊരുക്കി പ്രിയതമൻ. മൂന്നരപതിറ്റാണ്ടിലേറെയായി കലാ-സാംസ്കാരിക വേദികളിൽ നിറസാന്നിധ്യമായ കവിയും ഗാനരചയിതാവുമായ ഭർത്താവ് ജി. നിശീകാന്താണ് പാട്ടൊരുക്കുന്നത്. സവിത രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗമാണ്.
2005ൽ പുറത്തിറങ്ങിയ ‘എല്ലാം സ്വാമി’ യെന്ന ആദ്യ ആൽബം അർജുനൻ മാസ്റ്റർ ഈണം നൽകി പി. ജയചന്ദ്രൻ ആലപിച്ച അയ്യപ്പഭക്തിഗാനമാണ്. സാംസ്കാരിക വകുപ്പിന്റെ ഗുരു ചെങ്ങന്നൂർ സാംസ്കാരിക സമിതി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിർവാഹക സമിതി അംഗമാണ്. മന്ത്രി സജി ചെറിയാനടക്കം നിരവധി നേതാക്കൾക്ക് പ്രചാരണ ഗാനങ്ങളും എഴുതിയിട്ടുണ്ട്.
ഇംഗ്ലീഷ് സാഹിത്യം ഐച്ഛിക വിഷയമായി എടുത്ത സവിത ഇംഗ്ലീഷ്, ഹിന്ദി, മലയാളം ടൈപ്പിങിൽ ഹയറും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളജിൽ അവസാന വർഷ വിദ്യാർഥിനിയായ നയന, മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനി നിവിത എന്നിവർ മക്കളാണ്. ത്രികോണ പെൺപോരിൽ ഡിവിഷനിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷ ലേഖ മോഹൻ (കോൺ.), ബി.ജെ.പിയിലെ ഉഷാകുമാരി എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.


