മലയാളഭാഷ സമരത്തിന് നാല് പതിറ്റാണ്ട്
text_fieldsപി.എൻ നെടുവേലിയെ കോഴിക്കോട് കാരപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് മാതൃഭാഷാസ്നേഹികളുടെ ഉപഹാരം നൽകി ആദരിക്കുന്നു
ചെങ്ങന്നൂർ: മലയാളഭാഷാസമരത്തിന്റെ നാൽപ്പത്തിരണ്ടാം വാർഷികമായിട്ടും ലക്ഷ്യം പൂർണമാകാത്തതിനാൽ വീണ്ടും രംഗത്തിറങ്ങുകയാണ് അന്നത്തെ സമരനായകൻ. പ്രാദേശികഭാഷകളിൽ വിധിന്യായങ്ങൾ എഴുതണമെന്ന സുപ്രീംകോടതി വിധി പാലിക്കാത്തതിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മാതൃഭാഷ സമരപ്പോരാളിയും ഐക്യകർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.എൻ. നെടുവേലി അറിയിച്ചു.
1956ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിച്ചെങ്കിലും കാൽനൂറ്റാണ്ടിലധികം കേരളഭരണം ഇംഗ്ലീഷിലായിരുന്നു. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ വില്ലേജ് തലംമുതൽ പൂർണമായും മലയാളമാക്കാൻ അഞ്ചാണ്ട് പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ അട്ടിമറിച്ചു.1983 മാർച്ച് മൂന്നിന്, കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന പി. എൻ.നെടുവേലിയുടെ നേതൃത്വത്തിൽ ആറു യുവാക്കൾ നിയമസഭയിൽ മുദ്രാവാക്യങ്ങൾ വിളിച്ചു ലഘുലേഖകൾ പറത്തി. ഈ കുറ്റത്തിനു സമ്മേളനം തീരുന്ന മാർച്ച് 28വരെ ജയിൽശിക്ഷ വിധിച്ചു. പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ.നായനാരുടെ ഭേദഗതിയിൽ ശിക്ഷ 13 വരെയാക്കി കുറവുചെയ്തു.
മാർച്ച് 10ന് ഇംഗ്ലീഷിൽ അവതരിപ്പിച്ച ബില്ല് ലോനപ്പൻ നമ്പാടൻ എം.എൽ. എ നിയമസഭയിൽ കത്തിച്ചു പ്രതിഷേധിച്ചതോടെ ഭാഷാസമരത്തിന് ആവേശമായി. ജില്ലതലങ്ങളിൽ 32ലധികം സെമിനാറുകൾ നടത്തി. 1983 നവംബർ 15മുതൽ ഡിസംബർ 14വരെ പാറശ്ശാല മുതൽ കണ്ണൂർ വരെ 10 യുവാക്കൾ സൈക്കിൾ റാലി നടത്തി ഭാഷാസമര പുസ്തകങ്ങളും ലഘുലേഖകളും വിതരണം നടത്തി. ഇംഗ്ലീഷിൽ എഴുതിയ കേന്ദ്ര-സംസ്ഥാന സർക്കാർ ബോർഡുകൾ ടാറടിച്ചു മായിച്ചു. വിവിധ ജില്ലകളിലായി നെടുവേലി ഒന്നാം പ്രതിയായി 42 കേസുകൾ കോടതികളിലെത്തി. സമരത്തിന്റെ തീവ്രത സർക്കാർ നടപടികൾ വേഗത്തിലാക്കി.
പല വകുപ്പുകളും ഉത്തരവുകൾ മലയാളിത്തിലാക്കി.എന്നാൽ 1995 മുതൽ ആഗോള - കമ്പ്യൂട്ടർ ഭാഷകൾ ഇംഗ്ലീഷെന്നു ചൂണ്ടിക്കാട്ടി വീണ്ടും മാതൃഭാഷയോട് അവഗണനയായി.മാതൃഭാഷക്കായി ജയിൽവാസം അനുഭവിച്ച പോരാളി പി.എൻ .നെടുവേലിയെ കോഴിക്കോട് കാരപറമ്പ് ഹയർസെക്കൻഡറി സ്കൂളിലെ ത്രിദിന ക്യാമ്പിൽ കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് മാതൃഭാഷാ സ്നേഹികളുടെ ഉപഹാരം നൽകി ആദരിച്ചു