കൊച്ചുതറക്കാരുടെ ദുരിതത്തിന് അറുതിയായില്ല
text_fieldsമാന്നാർ പൊതുവൂർ കൊച്ചുതറ ഭാഗത്ത് എണ്ണപ്പാടയും മാലിന്യവും നിറഞ്ഞ പുഞ്ച
ചെങ്ങന്നൂർ: എസ്.സി, എസ്.ടി ആശ്രയ പദ്ധതി കുടുംബങ്ങളുടെ ദുരിതങ്ങൾക്ക് ഒന്നര പതിറ്റാണ്ടായിട്ടും അറുതിയായില്ല. മാന്നാർ കുരട്ടിശ്ശേരി 18ാം വാർഡിലെ കൊച്ചുതറക്കാരാണ് വെള്ളക്കെട്ടിന്റെ ദുരിതത്തിൽ കഴിയുന്നത്. 30ഓളം കുടുംബങ്ങളിലെ 104 പേർ ദുരിതത്തിൽ കഴിയുമ്പോൾ ഇവരുടെ കുടിവെള്ളം മുട്ടിയിട്ട് നാലുനാൾ പിന്നിടുകയാണ്.
മഴക്കാലത്ത് കിഴക്കൻ മലവെള്ളം പമ്പാ, അച്ചൻകോവിൽ ആറുകളിലൂടെ ഒഴുകിയെത്തുന്നതോടെ ആരംഭിക്കുന്ന വെള്ളപ്പൊക്കവും ദുരിതവും മഴക്കാലം കഴിഞ്ഞാലും കൊച്ചുതറയിൽനിന്നും മാറാതെ കിടക്കും.
അപ്പർകുട്ടനാടൻ കാർഷിക മേഖലയായ കുരട്ടിശ്ശേരി പുഞ്ചയിലെ കരിക്കോട് പാടത്തോട് ചേർന്നതാണ് കൊച്ചുതറഭാഗം. കിണർ വെള്ളവും ഉപയോഗിക്കാനാകില്ല. മണപ്പുറത്തുനിന്ന് കൊച്ചുതറയിലേക്ക് പൈപ്പ് ലൈൻവഴി വെള്ളം എത്തിയിരുന്നുവെങ്കിലും ഒരുവർഷമായി അതും നിലച്ചു.
പിന്നീട് ആശ്രമായിരുന്ന ജൽ ജീവൻ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതോടാണ് നാലുദിവസമായി കുടിനീര് പൂർണമായും മുടങ്ങിയത്. 2010-2015ൽ റോഡും സ്ഥലവും ഉയർത്തി സംരക്ഷണഭിത്തി കെട്ടാൻ ജില്ല പഞ്ചായത്ത് പദ്ധതിയിട്ടിരുന്നെങ്കിലും കരാറെടുക്കാൻ ആരും തയാറായില്ല.
മഴക്കെടുതിയിലാകുന്നതോടെ ഇവിടെയുള്ളവർ പുറംലോകത്തേക്ക് എത്തുന്നത് മലിന ജലത്തിലൂടെയാണ്. കൃഷിചെയ്യാതെ കിടക്കുന്ന പാടം മുഴുവൻ പുല്ല് വളർന്ന് മലിനജലം ഒഴുകിപ്പോകാതെ കിടക്കുന്നത് മൂലം പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്.
15 വർഷം മുമ്പ് നിലങ്ങളായി കിടന്നിരുന്ന ഭൂമി സർക്കാർ വിലയ്ക്കു വാങ്ങി മൂന്ന് സെന്റ് വീതം നൽകി എസ്.സി, എസ്.ടി അശ്രയ പദ്ധതികളിലായി 18 കുടുംബങ്ങളുണ്ട്. ഇതിലൊന്നും ഉൾപ്പെടാത്ത ഒമ്പത് വീട്ടുകാർ വേറെയുമുണ്ട്.