ചെങ്ങന്നൂരിൽ ഇടതുമുന്നണിക്ക് ചോർച്ച
text_fieldsചെങ്ങന്നൂർ: ഇടതു മുന്നണിക്കു ചെങ്ങന്നൂരിൽ മേൽകോയ്മ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും കൈവശമുണ്ടായിരുന്നതിൽ നിന്ന് ഒട്ടേറെ ചോർച്ച സംഭവിച്ചു. 78 ജനപ്രതിനിധികൾ എൽ.ഡി.എഫിനും, 65 പേർ യു.ഡി.എഫിനും 62 അംഗങ്ങൾ എൻ.ഡി.എക്കും ഉണ്ടായി. മൂന്നു മുന്നണികളും ബലാബലത്തിലാണ്.
പത്ത് ഗ്രാമ പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെട്ട ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിലെ സി.പി.എമ്മിനു കനത്ത ആഘാതവും യു.ഡി.എഫിനും എൻ.ഡി.എക്കും നേട്ടവുമായി. 2020 ൽ ബി.ജെ.പി ആദ്യം അധികാരത്തിലേറുകയും പിന്നീട് ഇടതു വലതു ധാരണയിൽ അധികാരം പങ്കിടുകയും ചെയ്ത ചെന്നിത്തല തൃപ്പെരുംന്തുറ, പാണ്ടനാട്, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ നഗരസഭ എന്നിവിടങ്ങൾ ഒഴികെയുള്ള ഏഴിടങ്ങളും സി.പി.എമ്മിന് വ്യക്തമായ ആധിപത്യമാണുണ്ടായിരുന്നത്.
നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഇടത് നിലനിർത്തി. പത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും ഉണ്ട്. യു.ഡി.എഫിന് ആറും എൻ.ഡി.എക്ക് രണ്ടും സീറ്റുകൾ വീതം നേടി ബുധനൂരിലും വെൺമണിയിലും സി.പി.എം വിമതരുടെ വിജയം പാർട്ടിയെ ഞെട്ടിച്ചു.പാണ്ടനാട്ടും ചെറിയനാട്ടും പുലിയൂരിലും ആലായിലും യു.ഡി.എഫിനു നേട്ടമുണ്ടാക്കാനായി. ബി.ജെ.പിയുടെ സ്വാധീനം ഇരുമുന്നണികൾക്കും നഷ്ടമുണ്ടാക്കി.


