ഭാര്യയും ജ്യേഷ്ഠഭാര്യയും സ്ഥാനാർഥികൾ; വിമതഭീഷണി മുഴക്കിയ സി.പി.എം നേതാവ് ഹാപ്പി
text_fieldsചെങ്ങന്നൂർ: ഭാര്യയും ജ്യേഷ്ഠന്‍റെ ഭാര്യയും ഇടതുമുന്നണിയിലെ സി.പി.എമ്മിന്‍റെയും കേരള കോൺഗ്രസ് എമ്മിന്‍റെയും സ്ഥാനാർഥികളായതോടെ വിമത ഭീഷണി മുഴക്കിയ നേതാവ് വഴങ്ങി. സി.പി.എം നേതാവായിരുന്ന ഇരമത്തൂർ ആയിക്കുന്നത്ത് ജിനു ജോർജാണ് അവസാന അടവിൽ മെരുങ്ങിയത്.
ചെന്നിത്തല തൃപ്പെരുന്തുറ രണ്ടാം വാർഡിൽ പാർട്ടി ടിക്കറ്റിൽ ഇദ്ദേഹത്തിന്‍റെ ഭാര്യ ബെറ്റ്സിയുമാണ് സ്ഥാനാർഥി. ജില്ല പഞ്ചായത്ത് ചെന്നിത്തല ഡിവിഷനിൽ കേരള കോൺഗ്രസ് എമ്മിന്‍റെ സ്ഥാനാർഥിയായി ജിനുവിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യ ബിനി ജയിനെ മത്സരിപ്പിക്കാനും ധാരണയായി.
പാർട്ടിയിൽനിന്ന് നീതി ലഭിച്ചില്ലെന്ന കാരണത്താൽ ജിനു മൂന്നാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രചാരണം നവമാധ്യമങ്ങളിൽ സജീവമായിരുന്നു. ലോക്കൽ കമ്മിറ്റി അംഗം, രണ്ടുതവണ ഗ്രാമ പഞ്ചായത്ത് അംഗം, അതിൽ ഒരു ടേം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ജിനു.
ജനാധിപത്യ മഹിള അസോസിയേഷൻ മാന്നാർ ഏരിയ കമ്മിറ്റി ഭാരവാഹിയും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ ബെറ്റ്സി ഒരു തവണ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ൽ ജിനുവും 2020ൽ ബെറ്റ്സിയും മത്സരിച്ചപ്പോൾ തങ്ങളെ കാലുവാരി തോൽപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി കാരണക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട നേതൃത്വം തയാറായില്ലെന്ന് ഇവർ ആരോപിച്ചിരുന്നു.


