കുംഭമേളക്ക് പോയ ആളെ കാണാനില്ലെന്ന് പരാതി
text_fieldsജോജു ജോർജ്
ചെങ്ങന്നൂർ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ പോയയാൾ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ചെങ്ങന്നൂർ പൊലീസിൽ കുടുംബത്തിന്റെ പരാതി. ചെങ്ങന്നൂർ മുളക്കുഴ ഗ്രാമ പഞ്ചായത്ത് കൊഴുവല്ലൂർ വാത്തിയുടെ മേലേതിൽ ജോജു ജോർജിനെയാണ് (42) കാണാതായത്. അയൽക്കാരനായ കുടുംബ സുഹൃത്തിനൊപ്പം ഫെബ്രുവരി ഒമ്പതിനാണ് ചെങ്ങന്നൂരിൽ നിന്നു ട്രെയിൻ മാർഗം പ്രയാഗിലേക്ക് പോയത്.
കുംഭമേളയിൽ പങ്കെടുത്ത് ചടങ്ങുകൾ നിർവ്വഹിച്ചെന്നും 14 ന് നാട്ടിൽ മടങ്ങിയെത്തുമെന്നും ജോജു ഫോണിൽ അറിയിച്ചിരുന്നു. ഈ സന്ദേശത്തിനു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറഞ്ഞു.
അതേ സമയം അയൽവാസി 14 നു തന്നെ നാട്ടിലെത്തി. കുടുംബം അയൽവാസിയെ സമീപിച്ച് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും പറയുന്നു.