മാന്നാർ മഹാത്മാ മത്സര ജലോത്സവം; ഓർമകളുമായി ആദ്യകാല സംഘാടകർ
text_fieldsമാന്നാർ മഹാത്മാ ട്രോഫി മത്സര ജലോത്സവം (ഫയൽ ചിത്രം)
ചെങ്ങന്നൂർ: ആറു പതിറ്റാണ്ടോട് അടുക്കുന്ന മാന്നാർ മഹാത്മാ ട്രോഫി മൽസര ജലോൽസവത്തിനു പമ്പയാറ്റിൽ തുടക്കമിട്ട സംഘാടകരിൽ ഒരാളായ ജേക്കബ് തോമസ് അരികുപുറത്തിന് ഇന്നും വള്ളം കളി ഭംഗിയായി നടക്കുന്നതിൽ അഭിമാന ബോധമുണ്ട്. അക്കാലത്ത് മധ്യതിരുവിതാംകൂറിലെ പ്രധാന മെഡിക്കൽ സ്റ്റോറിന്റെ ഉടമയായിരുന്ന പിതാവ് എ.സി. തോമസ് 1970 ൽ നിര്യാതനായതിനെ തുടർന്നാണ് വള്ളം കളി നടത്തുകയെന്ന ആശയം പൊതു പ്രവർത്തകരുടെ മനസിൽ ആശയം ഉരുത്തിരിഞ്ഞത്. അതുവരെ മൽസ്യം പിടിക്കുന്ന ബോട്ടുകളുടെയും കൊതുമ്പുവള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെതുമായ മൽസരം ഇവിടെ നടന്നു വന്നിരുന്നു. അതാണ് 1971 ൽ ആദ്യത്തെ വളളം കളിയായി രൂപാന്തരം പ്രാപിച്ചത്.
ജേക്കബ് തോമസ്
യാതൊരു വിധ സർക്കാർ പിന്തുണയും ഇല്ലാതെ നാട്ടുകാരുടെ സഹായ സഹകരണത്തോടെ ആരംഭിച്ച ജലമാമാങ്കത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്നത് പൊതു പ്രവർത്തകരായിരുന്ന മൺ മറഞ്ഞുപോയ റെന്നി തോമസ് അരികുപുറം, നിരണം തോമസ്, കെ.ജി.ജോർജ് കൊടുമുളയിൽ, കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്ന ചെട്ടിയാകുളത്ത് ചാക്കോ കുഞ്ഞ്കുഞ്ഞ്, മാധവൻ വൈദ്യൻ, ബോബി ചക്കിട്ടയിൽ, ഡോ. മാമ്മൻ സി. ജേക്കബ്, നൈനാൻ വാലുപറമ്പിൽ തുടങ്ങിയവരായിരുന്നു.
നദിയുടെ ഇരുവശങ്ങളിലെയും കാടും പടലും വെട്ടി വൃത്തിയാക്കാനായി പിന്നിട് സർക്കാർ ജലസേചന വകുപ്പിൽ നിന്നും 5000 രൂപ അനുവദിച്ചു കിട്ടി.1972 ൽ മാന്നാർ സാഹിബ് ആണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പേരിൽ ഒരിടത്തും വള്ളംകളിയില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ നാമധേയം ഇതിനു സ്വീകരിക്കാമെന്ന് അഭിപ്രായപ്പെട്ടത്. എല്ലാവരും ഒരേ മനസ്സോടെ അംഗീകരിച്ചു. 20 വർഷത്തോളം ഇവർ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. ഏറ്റവും അവസാനമായി നടത്തിയ ജലമാമാങ്കത്തിൽ 10 ചുണ്ടനുകൾ ഉൾപ്പടെ 30 കളിയോടങ്ങൾ മാറ്റുരച്ചിരുന്നു.
പ്രായാധിക്യവും ഓരോരുത്തരുടെ വേർപാടുകളുമായതോടെ അന്നത്തെ യുവാക്കളായിരുന്ന ഇന്നത്തെ സംഘാടകർ ദൗത്യം ഏറ്റെടുത്തു രംഗത്തിറങ്ങി. നെഹ്റു ട്രോഫിയുടെ പ്രധാന വിവരണക്കാരനായ പി.ഡി.ലൂക്ക് വരെ മാന്നാറിൽ കമന്റേറ്ററായി എത്തിയിട്ടുണ്ട്. അന്നൊക്കെ പലപ്പോഴും കരയിലും വെള്ളത്തിലും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം സംഘാടകർ ഇടപെട്ട് രമ്യമായി പരിഹരിച്ചിട്ടുണ്ടെന്നും ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.