ഭാഷാപഠനത്തിന് നൂതന കണ്ടുപിടിത്തവുമായി പ്രേംദാസ്
text_fieldsപ്രേംദാസ്
ചെങ്ങന്നൂർ: ഭാഷാപഠനത്തിന് അതിനൂതന കണ്ടുപിടിത്തവുമായി ഇംഗ്ലീഷ് അധ്യാപകൻ പ്രേംദാസ്. ചെങ്ങന്നൂർ പുലിയൂർ സ്വദേശിയാണ് ഈ 57 കാരൻ. മൂന്നര പതിറ്റാണ്ടിന്റെ അധ്യാപനസപര്യയിൽ ലക്ഷക്കണക്കിന് ഇംഗ്ലീഷ് വാക്യങ്ങൾ തെറ്റുകൂടാതെ എഴുതാനും സംസാരിക്കാനും സഹായിക്കുന്ന പാഠ്യപദ്ധതി ‘പ്രേംസ് ഇംഗ്ലീഷ്’ എന്ന പേരിൽ തയാറാക്കി. 180 രാജ്യങ്ങളിൽ അംഗീകാരമുള്ള ഇന്റർനാഷണൽ കോപ്പിറൈറ്റ് ലഭിക്കുകയുണ്ടായി.110-ൽ പരം പ്രഫസർമാർ ഇതിനെ പ്രശംസിച്ച എഴുതുകയുണ്ടായി. 18ാം വയസ്സിലാണ് ഇംഗ്ലീഷ് പഠനം കാര്യമായിട്ടെടുക്കുന്നത്. ഇംഗ്ലീഷ് വാക്യങ്ങൾ എഴുതാനും സംസാരിക്കാനും പഠിപ്പിക്കുന്ന പാഠ്യപദ്ധതി ലോകത്തെങ്ങും നിലവിലില്ലെന്ന് മനസ്സിലാക്കിയപ്പോൾ എന്തുകൊണ്ട് അങ്ങനെ ഒരു പാഠ്യപദ്ധതി തയാറാക്കിക്കൂടാ എന്ന ചിന്തയാണ് ഈ കണ്ടുപിടുത്തത്തിന് കാരണമായത്. അധ്യാപനപരിചയം കണ്ടുപിടുത്തത്തിന് ഏറെ സഹായകരമായി.
എൽ.കെ.ജി മുതൽ പി.ജി വരെ 19 വർഷം പഠിച്ചിറങ്ങുന്നവർക്ക് ഇംഗ്ലീഷ് വാക്യങ്ങൾ പോലും തെറ്റു കൂടാതെ ഉപയോഗിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. സ്കൂളുകളിലും കോളേജുകളിലും ഇംഗ്ലീഷ് ഭാഷാ പഠനത്തിന്റെ ഭാഗമായി ഇംഗ്ലീഷ് അക്ഷരം, വാക്ക്, കഥ, കവിത, നോവൽ, വ്യാകരണം എന്നിങ്ങനെ മാത്രമാണ് പഠിപ്പിക്കുന്നത്. ഈ പാഠ്യപദ്ധതി ലോകത്തുള്ള എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് പ്രേംദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.