ഭൂരിപക്ഷം ഉയർത്തി സജി ചെറിയാൻെറ മിന്നും ജയം
text_fieldsചെങ്ങന്നൂർ: തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് കച്ചവട ആരോപണമുയർന്ന ചെങ്ങന്നൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ സ്വന്തമാക്കിയത് വിസ്മയ വിജയം. ഉപതെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ പതിനായിരത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷമാണ് ഇക്കുറി സജി നേടിയത്. ഉപതെരഞ്ഞെടുപ്പിലെ അനുകൂല ഘടകങ്ങൾ പലതും ഇല്ലാതിരുന്നിട്ടും മികച്ച വിജയം നേടിയതിലൂടെ മണ്ഡലം അരക്കെട്ടുറപ്പിച്ചിരിക്കുകയാണ് മുമ്പ് ഇവിടെനിന്ന് പരാജയപ്പെട്ടിട്ടുകൂടിയുള്ള സജി ചെറിയാൻ.
31,984 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇക്കുറി തനിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് എം. മുരളിയെ അദ്ദേഹം തോൽപിച്ചത്. 20,956 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു ഉപതെരഞ്ഞെടുപ്പിലെ കന്നി ജയം. സി.പി.എമ്മുമായുള്ള ധാരണയിലാണ് ബി.ജെ.പി അവരുടെ സ്ഥാനാർഥിയെ നിർത്തിയതെന്നായിരുന്നു ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ ആരോപിച്ചത്. ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ സി.പി.എമ്മിന് േവണ്ടപ്പെട്ടയാളാണെന്ന വിമർശനവും ഉയർത്തി ബാലശങ്കൾ. 34,000ന് മേൽ വോട്ടാണ് ഗോപകുമാറിന് കിട്ടിയത്. വലിയ തെറ്റില്ലാത്ത വോട്ടുവിഹിതമാണെന്ന് ബി.ജെ.പി നിലപാട്.
ഭുരിപക്ഷത്തിൽ ചരിത്രം കുറിച്ചാണ് തുടർച്ചയായ രണ്ടാംതവണ സജിയുടെ വരവ്. മൂന്നാംവട്ടമാണ് തുടർച്ചയായി സി.പി.എം ജയം. എതിരാളികളായ കെ.പി.സി.സി ജനറൽ സെക്രട്ടറി എം. മുരളി, ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ എന്നിവരുടെ ജന്മനാട്ടിൽ പോലും വ്യക്തമായ ലീഡ് കരസ്ഥമാക്കിയാണ് ചരിത്രവിജയം. പോൾ ചെയ്ത 1,46,733ൽ 71,293 വോട്ടുനേടി. യു.ഡി.എഫ് -39,309ഉം എൻ.ഡി.എ 34,493ഉം വോട്ടുവിഹിതം മാത്രമാണ് നേടിയത്. 2016ൽ അഡ്വ. കെ.കെ. രാമചന്ദ്രൻ നായരിലൂടെയാണ് സി.പി.എം മണ്ഡലം പിടിച്ചെടുത്തത്. സജി ചെറിയാൻ മുളക്കുഴ കൊഴുവല്ലൂര്‍ തെങ്ങുംതറയില്‍ പരേതനായ റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ ടി.ടി. ചെറിയാെൻറയും റിട്ട. പ്രധാനാധ്യാപിക ശോശാമ്മയുടെയും മകനാണ്.
1978ല്‍ എട്ടിൽ പഠിക്കുമ്പോള്‍ എസ്എഫ്.ഐയിലൂടെ പൊതുപ്രവർത്തനരംഗത്ത്. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്, ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ്-സെക്രട്ടറി, സി.ഐ.ടി.യു ജില്ല പ്രസിഡൻറ്, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ, സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ്, ജില്ല സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
കരുണ പെയിന്‍ ആൻഡ് പാലിയേറ്റിവ് സൊസൈറ്റി ചെയര്‍മാനാണ്. ഭാര്യ: ക്രിസ്റ്റീന. മക്കള്‍: ഡോ. നിത്യ, ഡോ. ദൃശ്യ, ശ്രവ്യ (എം.ബി.ബി.എസ് വിദ്യാർഥിനി). മരുമക്കൾ: അലൻ, ജസ്റ്റിൻ.