നിരവധി കേസുകളിലെ പ്രതി 21 വർഷത്തിനുശേഷം പിടിയിൽ
text_fieldsപ്രേംകുമാർ
ചെങ്ങന്നൂർ: 21 വർഷം മുമ്പു നടത്തിയ മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായി ഒളിവ് ജീവിതം നയിക്കുകയായിരുന്ന ഹരിപ്പാട് കാർത്തികപ്പള്ളി മഹാദേവികാട്, പടിപ്പുരയ്ക്കൽ പ്രേംകുമാറിനെ (70) മാന്നാർ പൊലീസ് പിടികൂടി.
2004ൽ ഹരിപ്പാട് വീയപുരം പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. അന്ന് മാന്നാർ പൊലീസ് സർക്കിളിന്റെ പരിധിയിലായിരുന്ന വിയപുരം സ്റ്റേഷനിൽ ലോക്കപ്പ് ഇല്ലാത്തതിനാൽ മാന്നാർ സ്റ്റേഷനിൽ എത്തിച്ച പ്രതി ഇവിടെനിന്നും പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ട്.
വീയപുരം പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ചോളം മോഷണ കേസിലും പത്തനംതിട്ട കോന്നി പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിലെയും പ്രതിയാണ്. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതിരുന്ന ഇയാൾക്കെതിരെ 2008ൽ വാറൻറ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഡി. രെജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എരുമേലിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.


