തെരുവുനായ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
text_fieldsചെങ്ങന്നൂർ: തെരുവുനായ് ആക്രമണത്തിൽ ചെറിയനാട് പൊൻമലമേലിൽ ആനന്ദരാജിന് (35) ഗുരുതര പരിക്ക്. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ആക്രമണം. ചെറിയാനാട് ക്ഷേത്രത്തിന് സമീപത്തെ സ്വന്തം വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി തെരുവുനായ് ആക്രമിച്ചത്.
ആക്രമണത്തിൽ നിലത്തുവീണ ആനന്ദ് രാജിന്റെ ഇടതു കൈക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനായ് ആഴത്തിൽ കടിച്ച് പരിക്കേൽപ്പിച്ചു. ഇതേതുടർന്ന് ആനന്ദിന് ബോധക്ഷയം ഉണ്ടായി. നിലവിളികേട്ടെത്തിയ പ്രദേശവാസികളാണ് നായയെ ഓടിച്ചശേഷം യുവാവിനെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ ഈ നായയെ പിന്നീട് തല്ലിക്കൊന്നു.


