ചേർത്തല റെയിൽവേ സ്റ്റേഷൻ; ജനവികാരം അവഗണിച്ച് മേൽപ്പാലത്തിന് പകരം നടപ്പാത നിർമാണം തുടങ്ങി
text_fieldsചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള സ്വപ്നമായ മേൽപ്പാലം എന്ന ആവശ്യം പൂർണമായി അവഗണിച്ച് ദേശീയപാത അതോറിറ്റി നടപ്പാത നിർമാണം ആരംഭിച്ചു. ഇതോടെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധം വീണ്ടും ശക്തമാകുകയാണ്. ദേശീയപാത 66 ന് കുറുകെയാണ് ചേർത്തല റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ദിവസേന 10,000 ത്തിലധികം യാത്രക്കാർ ഇവിടെ നിന്ന് ട്രെയിൻ കയറാനും ഇറങ്ങാനും ആശ്രയിക്കുന്നു. എന്നാൽ സ്റ്റേഷനിലേക്ക് സുരക്ഷിതമായി കടക്കാൻ ഒരു മേൽപ്പാലവും ഇല്ല. ഫലമായി വാഹനങ്ങളിൽ വരുന്നവർക്ക് അടുത്തുള്ള യു-ടേൺ ഉപയോഗിച്ച് ഒരു കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചേ സ്റ്റേഷൻ പരിസരത്ത് എത്താൻ കഴിയൂ. തിരക്കുള്ള സമയങ്ങളിൽ ഇത് ഗതാഗത കുരുക്കിനും അപകട സാധ്യതയ്ക്കും കാരണമാകുന്നുണ്ട്.
സ്കൂൾ കുട്ടികൾ, പ്രായമായവർ, ഭാരമുള്ള ലഗേജുമായി വരുന്നവർ, രോഗികൾ എന്നിവർക്ക് ഇത് ഇരട്ടി ബുദ്ധിമുട്ടാണ്. മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം നഗരസഭ, ബ്ലോക്ക്-ജില്ല പഞ്ചായത്തുകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനകീയ കൂട്ടായ്മകൾ എന്നിവർ ഏകസ്വരത്തിൽ ഉന്നയിച്ചിരുന്നു.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി മേൽപ്പാലം കൂടി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങളും സംയുക്ത സമരങ്ങളും നടന്നു. എന്നാൽ ഇതൊന്നും ദേശീയപാത അതോറിറ്റി പരിഗണിച്ചില്ല. ഇപ്പോൾ തുടങ്ങിയിരിക്കുന്നത് നടപ്പാതയുടെ നിർമാണമാണ്. കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം മാത്രമേ ഇതുകൊണ്ട് ലഭിക്കൂ. എന്നാൽ, വാഹനങ്ങൾക്ക് ഉള്ള ബുദ്ധിമുട്ട് അതേപടി തുടരും.
നടപ്പാത മാത്രം കൊണ്ട് ചേർത്തല സ്റ്റേഷന്റെ അടിസ്ഥാന പ്രശ്നം പരിഹരിക്കാനാകില്ല. ഇത് സ്റ്റേഷന്റെ വികസനത്തിന് വലിയ തിരിച്ചടിയാണെന്ന് നഗരസഭ ചെയർമാർ എസ്. സോബിൻ പറയുന്നു. നിർമാണം അടിയന്തരമായി നിർത്തണം. റെയിൽവേ സ്റ്റേഷന്‍റെ മുൻവശം മേൽപ്പാലം വേണമെന്ന് കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്ര മന്ത്രിക്കും നിവേദനം നൽകിയതാണ്. എന്നാൽ കേന്ദ്ര സർക്കാർ ചേർത്തല നിവാസികളെയും യാത്രക്കാരെയും വഞ്ചിച്ചു.
നിർദേശങ്ങളും ജനങ്ങളുടെ ആവശ്യവും പൂർണമായി അവഗണിച്ച് ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമാണം തുടങ്ങിയിരിക്കുകയാണ്. ഇത് അടിയന്തരമായി നിർത്തിവെക്കണം. അതിന് തയാറായില്ലെങ്കിൽ നഗരസഭയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. ചേർത്തല താലൂക്കിലെ മുഴുവൻ ജനങ്ങളും ആശ്രയിക്കുന്ന സ്റ്റേഷനാണിത്.
കേരളത്തിൽ ദേശീയപാതയോട് ഇത്ര ചേർന്ന് കിടക്കുന്ന മറ്റൊരു സ്റ്റേഷൻ ഇല്ല. അതിനാൽ ജനപ്രതിനിധികളും ദേശീയപാത അധികൃതരും , പൊതുമരാമത്ത് മന്ത്രിയും പങ്കെടുക്കുന്ന സർവ്വകക്ഷി യോഗം അടിയന്തരമായി വിളിച്ചുചേർത്ത് ശരിയായ പരിഹാരം കണ്ടെത്തുമെന്ന് ചെയർമാൻ സോബിൻ പറഞ്ഞു. ചേർത്തലയുടെ വികസനത്തിന്റെ മുഖമായി മാറേണ്ട റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ കഴിയാത്തതിൽ നാട്ടുകാർക്ക് കടുത്ത നിരാശയാണുള്ളത്.


