ഗാന്ധിജി ചേർത്തലയിൽ വന്നിട്ട് ഇന്ന് 88 വർഷം
text_fieldsമഹാത്മാ ഗാന്ധി ക്ഷേത്രമൈതാനിയിൽ പ്രസംഗിക്കുന്നതിന് മുമ്പ് വിശ്രമിച്ച സമീപത്തെ ഗവ. ടൗൺ എൽ. പി സ്കൂളിലെ പുളിമരം.
ഇതിനു താഴെയാണ് ഇരുന്നത്
ചേർത്തല: മഹാത്മാഗാന്ധി ചേർത്തലയിൽ വന്നിട്ട് ശനിയാഴ്ച 88 വർഷം. ചരിത്രത്തിൽ ആദ്യമായി മൂന്ന് മണിക്കൂറോളം പ്രസംഗിച്ചതും ചേർത്തലയിലാണ്. പ്രസംഗത്തിന് മുമ്പ് മൈതാനത്തിന് സമീപത്തെ ടൗൺ എൽ.പി സ്കൂളിലെ പുളിമരത്തിന് താഴെ വിശ്രമിച്ചു. 1937 ജനുവരി 18ന് ഗാന്ധിജിയുടെ തിരുവിതാംകൂർ സന്ദർശനത്തിന്റെ ഭാഗമായാണ് ചേർത്തലയിലെത്തിയത്; കേരളത്തിലേക്കുള്ള അവസാന സന്ദർശനം. ചേർത്തല ദേവീക്ഷേത്ര മൈതാനിയിൽ സമ്മേളനത്തിലടക്കം പങ്കെടുത്ത ഗാന്ധിജി അപ്രതീക്ഷിതമായാണ് സമീപത്തെ ടൗൺ എൽ.പി സ്കൂളിലെത്തിയത്.
പുളിമരച്ചുവട്ടിൽ വിശ്രമിച്ച അദ്ദേഹം വിദ്യാഭ്യാസത്തിൽ നേടേണ്ട പുരോഗതിയെപ്പറ്റി സംഭാഷണവും നടത്തി. പ്രദേശത്തെ പൗരപ്രമുഖർ രാജകുടുംബത്തിന്റെ സഹായത്തോടെ 1919ൽ സ്ഥാപിച്ചതാണ് സ്കൂൾ. തുടക്കക്കാലത്ത് നായർ പെൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് അനുവദിച്ച 40 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത്. സ്കൂളിന് സമീപമുള്ള ക്ഷേത്ര മൈതാനിയിലായിരുന്നു ഗാന്ധിജിയുടെ പ്രസംഗം. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി മഹാദേവ് ദേശായി എഴുതിയ ‘എപിക് ഓഫ് ട്രാവൻകൂർ’ എന്ന ഗ്രന്ഥത്തിലെ ആറോളം പേജുകളിൽ ആ പ്രസംഗം ഉൾപ്പെടുത്തിയിട്ടുണ്ട്.
1979 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇറക്കിയ പ്രഫ. രാമചന്ദ്രൻ നായരുടെ ‘ഗാന്ധിജിയും കേരളവും’ എന്ന പുസ്തകത്തിലും പ്രസംഗം ചേർത്തിട്ടുണ്ട്. ഇന്ത്യ ഗവണ്മെന്റ് ഇറക്കിയ നൂറു വാള്യങ്ങളുള്ള ഗാന്ധിയൻ സാഹിത്യത്തിന്റെ എഴുപതാം വാള്യം, ഗാന്ധിജിയുടെ മുഖ്യപത്രാധിപത്യത്തിലുള്ള ഹരിജൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച സി.ബി. ദലാലിന്റെ ‘ഡീറ്റയിൽഡ് ക്രോണോളജി 1915 -48’ തുടങ്ങിയവയിലും ചേർത്തലയിലെ പ്രസംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശായിക്ക് പുറമേ സഹോദരപുത്രൻ കനു ഗാന്ധി, ശിഷ്യയും പട്യാല രാജകുടുംബാംഗവുമായ രാജ്കുമാരി അമൃത് കൗർ, അഡ്വ. ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, ഡോ. ജി. രാമചന്ദ്രൻ എന്നിവരും അന്ന് ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്നു.
അനശ്വര ഗാനരചയിതാവ് വയലാർ രാമവർമ തന്റെ പുരുഷാന്തരങ്ങൾ എന്ന പുസ്തകത്തിൽ ഇക്കാര്യം വിവരിക്കുന്നുണ്ട്. തന്റെ നാട്ടിൽ വന്നപ്പോൾ ആ ശരീരത്തിൽ ഒന്നു തൊടാൻ ആഗ്രഹം പ്രകടിപ്പിച്ചത് വയലാർ മരിക്കുന്നതുവരെ മറന്നിട്ടില്ല. ഗാന്ധിജി വന്നപ്പോൾ അദ്ദേഹത്തിന് ഒമ്പത് വയസ്സായിരുന്നു. ഗാന്ധിജി ഗവ. ടൗൺ എൽ.പി സ്കൂളിൽ വന്ന വാർഷികം ഇന്നും സ്കൂൾ അധികൃതർ പുതതലമുറകളുമായി ആചരിക്കുന്നുണ്ട്.