ആനവണ്ടിക്ക് പാട്ടുപെട്ടി നൽകി
text_fieldsകെ.എസ്.ആർ.ടി.സിക്ക് പാട്ടുപെട്ടി നൽകി ചേർത്തലയിലെ കൂട്ടായ്മ അംഗങ്ങളും മന്ത്രി പി. പ്രസാദും, ഗാനരചയിതാവ്
ശരത് ചന്ദ്രവർമ്മയും ഉല്ലാസ വണ്ടിയിൽ
ചേർത്തല : കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള ഉല്ലാസയാത്രകൾ ആനന്ദകരമാക്കാൻ ആനവണ്ടിക്കൊരു പാട്ടുപെട്ടി നൽകി ചേർത്തലയിലെ കൂട്ടായ്മ. മൂന്നു മാസമായി ചേർത്തല ഡിപ്പോയിൽനിന്ന് സ്ഥിരമായി ഉല്ലാസ യാത്ര പോകുന്ന 65 പേർ ചേർന്നാണ് പാട്ടുപെട്ടി കൂട്ടായ്മക്ക് രൂപം നൽകിയത്. ഇ.വി. രാജു മാരാരിക്കുളമാണ് പാട്ടുപെട്ടിയുടെ ചെയർമാൻ. 50,000 രൂപക്ക് മുകളിലുള്ള ആധുനിക സൗണ്ട് സിസ്റ്റം ആനവണ്ടിക്കൊരു പാട്ടുപെട്ടി എന്ന തലക്കെട്ടിൽ കെ.എസ്.ആർ.ടി.സിക്ക് നൽകി.
ചേർത്തല കെ.എസ്.ആർ.ടി.സി അങ്കണത്ത് മന്ത്രി പി. പ്രസാദും ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമയും കൂട്ടായ്മ ചെയർമാൻ ഇ.വി. രാജു എന്നിവർ ചേർന്ന് സൗണ്ട് സിസ്റ്റം കൈമാറി. തുടർന്ന് പ്രത്യേകം സജ്ജമാക്കിയ ബസിൽ മന്ത്രി പി.പ്രസാദ് ഉൾപ്പെടെ ഉള്ളവർ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഉദ്ഘാടനം നടത്തിയത്.
നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ഗാനരചയിതാവ് ശരത് ചന്ദ്രവർമ, നടൻ ജയദേവ് കലവൂർ, ഡിപ്പോ എൻജിനീയർ വിനോദ് ബേബി, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഡി.സാജൻ, ബി.ടി.സി കോഓഡിനേറ്റർ ആർ. അനീഷ്, ജില്ല കോഓഡിനേറ്റർ ഷെഫീഖ് എബ്രഹാം, ബി.ടി.സി യൂനിറ്റ് കോഓഡിനേറ്റർ ജിദീഷ് സിദ്ധാർഥൻ, പാട്ട് പെട്ടി അംഗങ്ങളായ സവിത ഉത്തമൻ, രേവതി ആർ.നായർ, ടി. വേണുഗോപാൽ, വാർഡ് കൗൺസിലർ എ. അജി എന്നിവരും പങ്കെടുത്തു.