ജപ്പാൻ കുടിവെള്ളം ആശ്വാസം; അമൃത് പദ്ധതി ബാക്കി
text_fieldsമാക്കേക്കടവിലെ ജപ്പാൻ കുടിവെള്ള പ്ലാന്റ്
ചേർത്തല: താലൂക്കിൽ ജപ്പാൻ കുടിവെള്ള പദ്ധതി യാഥാർഥ്യമായതോടെയാണ് കടുത്ത കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ ആശ്വാസമായത്. പിന്നീട് ജൽജീവൻ പദ്ധതിയിലൂടെ കണക്ഷൻ വിപുലീകരിച്ചു. അരൂർ മണ്ഡലത്തിൽപെടുന്ന പട്ടണക്കാട് ബ്ലോക്കിൽ 54,901 വീടുകളിലും തൈക്കാട്ടുശ്ശേരി ബ്ലോക്കിൽ 31,959 വീടുകളിലും കണക്ഷൻ നൽകി. പട്ടണക്കാട്ട് ആകെയുള്ള 56,769 വീടുകളിൽ 94.95 ശതമാനം ഇടങ്ങളിലും പൈപ്പ് കണക്ഷൻ നൽകി.
ചേർത്തല നഗരസഭയിൽ അമൃത് പദ്ധതി സമ്പൂർണ വിജയമല്ല. സർക്കാർ അമൃത് പദ്ധതിയിലേക്ക് നാല് കോടിയാണ് അനുവദിച്ചത്. വരുമാനത്തിന്റെ പരിഗണനയില്ലാതെ 5224 പേർക്ക് ഇതിനകം കുടിവെള്ളം നൽകിയെങ്കിലും 500ലധികം പേർക്ക് ഇനിയും കണക്ഷൻ നൽകാനായിട്ടില്ല.
പി.ഡബ്ല്യു.ഡിയുടെയും വാട്ടർ അതോറിറ്റിയുടെയും അംഗീകാരത്തിനായി ഈ അഞ്ഞൂറോളം പേരാണ് കാത്തിരിക്കുന്നത്. ചിലർക്ക് റോഡിന് കുറുകെ ആയതോടെ പൊതുമരാമത്ത് വകുപ്പിന്റെയും ചിലർക്ക് റെയിൽവേയുടെയും അനുമതിയുമാണ് വേണ്ടത്.പുതിയവീടുകൾ നിർമിച്ചതിൽ കെട്ടിട നമ്പർ ഇല്ലാത്തതും കണക്ഷൻ നൽകുന്നതിന് വില്ലനായി മാറുന്നുണ്ട്.
രണ്ട് മാസത്തിനുള്ളിൽ 200ഓളം കണക്ഷൻ നൽകാമെന്ന പ്രതീക്ഷയിലാണ് നഗരസഭ. ജൽജീവൻ പദ്ധതിയുടെ ഭാഗമായ അമൃത് കുടിവെള്ള പദ്ധതി 400ലധികം കൂടി കൊടുത്താൽ മാത്രമേ സമ്പൂർണ വിജയമാകൂ. ചേർത്തല തെക്ക് പഞ്ചായത്തിൽ ഇതിനകം 4000 കണക്ഷൻ നൽകി. ഇനി 600ഓളം കണക്ഷൻ ബാക്കിയുണ്ട്. ഇവിടെയും വിവിധ വകുപ്പുകളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.