ഒന്നര നൂറ്റാണ്ട് പഴക്കം; ചേർത്തല താലൂക്ക് ഓഫിസ് കെട്ടിടങ്ങൾ അപകടാവസ്ഥയിൽ
text_fields150 വർഷത്തിനുമേൽ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫിസ് കെട്ടിടം
ചേർത്തല: തകർന്ന് തലയിലൂടെയെങ്ങാനും വീഴുമോയെന്ന ഭയാശങ്കയാണ് ജീവനക്കാർക്ക്. ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട് കെട്ടിടത്തിന്. കഴുക്കോലുകളും ഉത്തരങ്ങളുമെല്ലാം ദ്രവിച്ച നിലയിലാണ്. ഒന്നും രണ്ടുമല്ല. ഏഴ് കെട്ടിടങ്ങളാണ് ഈ നിലയിലുള്ളത്. ചേർത്തല താലൂക്ക് ഓഫിസിനാണ് ഈ ദുർഗതി. താലൂക്ക് ഓഫിസും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും എല്ലാം കടലാസിലൊതുങ്ങി.
നാലു വർഷം മുമ്പ് അന്നത്തെ മന്ത്രി പി. തിലോത്തന്റെ ഇടപെടലിലാണ് താലൂക്ക് ഓഫിസും അനുബന്ധ കെട്ടിടങ്ങളും പൊളിച്ച് പുതിയ കെട്ടിട സമുച്ചയ നിർമാണത്തിന് പദ്ധതിയിട്ടത്. ഇതിനായി സർക്കാർ ഫണ്ടും അനുവദിച്ചിരുന്നു. പുതിയ കെട്ടിടം നിർമിക്കുമ്പോൾ ഇവിടെ പ്രവർത്തിക്കുന്ന ഡി.വൈ.എസ്.പി ഓഫിസിന്റെയും താലൂക്ക് ഓഫിസിന്റെയും പ്രവർത്തനം നിലക്കാതിരിക്കാൻ നിർത്തിപ്പോയ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് കരാർ അടിസ്ഥാനത്തിൽ മാറ്റാൻ വേണ്ട നടപടികളെടുത്തെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
അരയേക്കർ സ്ഥലത്താണ് 150 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിൽ താലൂക്ക് ഓഫിസ് കൂടാതെ ചേർത്തല ഡി.വൈ.എസ്.പി ഓഫിസ്, വോട്ടർപട്ടിക സെക്ഷൻ ഓഫിസ് തുടങ്ങി വിവിധ ഭാഗങ്ങളിലായി നൂറോളം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്.
തിരുവിതാംകൂർ രാജഭരണ കാലത്ത് കുറ്റവാളികളെ വിചാരണ നടത്തിയിരുന്ന കെട്ടിടവും ഇപ്പോഴും ഇവിടെ ഉണ്ട്. കാലപ്പഴക്കത്താൽ എല്ലാ കെട്ടിടങ്ങളും ചോർന്ന് ഒലിക്കുന്ന അവസ്ഥയിലാണ്. മരപ്പട്ടിയുടെ ശല്യവുമുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.
മഴക്കാലത്ത് ചോർച്ച ശക്തമാകുമ്പോൾ കസേരകളുടെയും മേശകളുടെയും സ്ഥാനം മാറ്റി പരിഹരിക്കുകയാണ് ജീവനക്കാർ. നൂറ്റാണ്ടുകൾ പഴക്കമുള്ള രേഖകൾ ശേഖരിച്ചിട്ടുള്ള കെട്ടിടം ജീർണ്ണാവസ്ഥയിലായതുമൂലം കുറെ രേഖകൾ ഡിജിറ്റിലൈസേഷൻ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും അതിപുരാതന രേഖകൾ എല്ലാം നഷ്ടമായിട്ടുണ്ട്.
ജീർണാവസ്ഥയിലായ കെട്ടിടങ്ങൾ പുനരുദ്ധരിക്കുകയോ പുനർനിർമിക്കുകയോ വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. അര നൂറ്റാണ്ട് മുമ്പ് അനുബന്ധമായി കോൺക്രീറ്റ് കെട്ടിടം നിർമിച്ചിരുന്നു. അതും ഇപ്പോൾ ജീർണിച്ച നിലയിലാണ്.