ജില്ല സ്കൂൾ ശാസ്ത്രമേള; ചേർത്തല ചാമ്പ്യൻമാർ
text_fieldsമാവേലിക്കര: കുട്ടിശാസ്ത്രപ്രതിഭകളുടെ കണ്ടുപിടിത്തങ്ങളുടെ വിസ്മയങ്ങൾ നിറഞ്ഞുനിന്ന ജില്ല സ്കൂൾ ശാസ്ത്രമേളയിൽ 1411 പോയന്‍റ് നേടി ചേർത്തല ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി.
1245 പോയന്‍റുള്ള ആലപ്പുഴ രണ്ടാമതും 1150 പോയന്‍റ് നേടിയ കായംകുളം ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ 130, ഗണിത ശാസ്ത്രമേളയിൽ 279, ഐ.ടിയിൽ 155 പോയന്‍റുകൾ നേടി ആലപ്പുഴ ഉപജില്ല അതത് വിഭാഗങ്ങളിൽ ചാമ്പ്യൻമാരായി.
പ്രവൃത്തി പരിചയ മേളയിൽ 803ഉം സാമൂഹിക ശാസ്ത്രമേളയിൽ 133 പോയന്‍റും നേടിയ ചേർത്തല ഉപജില്ലയാണ് മുന്നിൽ. ശാസ്ത്രമേളയിൽ 123 പോയന്‍റുള്ള ചേർത്തലക്കാണ് രണ്ടാം സ്ഥാനം. ഗണിത ശാസ്ത്ര മേളയിലും പ്രവൃത്തി പരിചയ മേളയിലും യഥാക്രമം 256, 609 പോയൻ്റുമായി കായംകുളം ഉപജില്ല രണ്ടാമത് എത്തി.
ഐ.ടിയിൽ 139 പോയന്‍റുള്ള ചേർത്തലയും സാമൂഹിക ശാസ്ത്രമേളയിൽ 132 പോയന്‍റുമായി ആലപ്പുഴയും രണ്ടാം സ്ഥാനം നേടി.സമാപന സമ്മേളനം യു. പ്രതിഭ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സൻ ടി. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ് മുഖ്യപ്രഭാഷണവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുധാകര കുറുപ്പ് സമ്മാനദാനവും നിര്‍വഹിച്ചു. പോരുവഴി ബാലചന്ദ്രന്‍, ഷീല ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.


