ചുമടെടുത്ത് കാർത്തികേയൻ സ്വരൂപിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന കറൻസികൾ
text_fieldsകറൻസികളുടെ ശേഖരവുമായി കാർത്തികേയൻ
ചേർത്തല: മുട്ടത്തങ്ങാടിയിലെ ചുമട്ടുതൊഴിലാളി 68കാരനായ കാർത്തികേയന്റെ കൈവശം ലക്ഷങ്ങൾ വിലമതിക്കുന്ന ലോകരാഷ്ട്രങ്ങളുടെ കറൻസികളുടെയും നാണയങ്ങളുടെയും വിപുല ശേഖരം.
ചേർത്തല നഗരസഭ 26ാം വാർഡ് വല്ലയിൽ വി.ആർ. കാർത്തികേയനാണ് അമൂല്യമായ കറൻസികളുടെ ശേഖരത്തിന് ഉടമ. ലക്ഷത്തിലേറെ രൂപ മൂല്യമുള്ള കറൻസികളും നാണയങ്ങളും നിധിപോലെയാണ് കാർത്തികേയൻ കാക്കുന്നത്.
1946 മുതലുള്ള ഇന്ത്യൻ നാണയങ്ങളും കറൻസികളും തിരുവിതാംകൂറിലെ നാണയങ്ങളും കാർത്തികേയന്റെ ശേഖരത്തിലുണ്ട്. 40 വർഷമായി ഇവ ശേഖരിക്കുന്നു. അപൂർവമായ കറൻസികൾ വിലകൊടുത്ത് വാങ്ങാറുമുണ്ട്. വിദേശത്ത് പോകുന്ന സുഹൃത്തുക്കൾ മുഖേന വിവിധ രാജ്യങ്ങളിലെ കറൻസികളും നാണയങ്ങളും സ്വരുക്കൂട്ടുകയാണ് കാർത്തികേയന്റെ പതിവ്.
വായനയിലും കമ്പമുള്ള കാർത്തികേയന് പുതുതലമുറക്ക് കൗതുകമാകുന്ന ഈ ശേഖരം പരിചയപ്പെടുത്തുന്നതും ശീലമാണ്. കറൻസികളും നാണയങ്ങളും കരുതലോടെ സൂക്ഷിക്കുന്നതിൽ കുടുംബാംഗങ്ങൾക്കും തൽപര്യമാണ്.
ചെറുമക്കളായ കാവ്യനന്ദനയും അരുണിമയും മുത്തച്ഛനെപ്പോലെ കറൻസി-നാണയ ശേഖരണത്തിൽ തൽപരരാണ്. ബേബിയാണ് ഭാര്യ. കവിത, സരിത എന്നിവർ മക്കളുമാണ്.