ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ നുണ പരിശോധന ഹരജി ചൊവ്വാഴ്ച പരിഗണിക്കും
text_fieldsചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ ഒന്നാം പ്രതിയായ സെബാസ്റ്റ്യനെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന ഹരജി ചൊവ്വാഴ്ചയിലേക്ക് മാറ്റി. സെബാസ്റ്റ്യൻ കോടതിയിൽ ഹാജരാകാതിരുന്നതുമൂലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷെറിൻ കെ. ജോർജാണ് ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ ഉത്തരവായത്.
ബിന്ദുവിന്റെ എസ്.എസ്.എൽ.സി ബുക്ക്, ഡ്രൈവിങ് ലൈസൻസ് എന്നിവ വ്യാജമായി തയാറാക്കിയതിലും 2013ൽ ബിന്ദുവിന്റെ പേരിൽ ഇടപ്പള്ളിയിലെ ഭൂമി വ്യാജ പ്രമാണം ഉണ്ടാക്കി കൈമാറ്റം നടത്തിയ കേസിലുമാണ് സെബാസ്റ്റ്യനെ പ്രതിയാക്കി കേസെടുത്തത്. 2006 മുതൽ ബിന്ദുവിനെ കാണാനില്ലായിരുന്നെങ്കിലും 2007ൽ സെബാസ്റ്റ്യൻ ബിന്ദുവിനെ കാറിലും ഓട്ടോറിക്ഷയിലും ചേർത്തല കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ വിട്ടെന്ന് പറയുന്നതിലെ വൈരുധ്യം മൂലമാണ് നുണ പരിശോധന നടത്തുന്നത്. 2017 ലാണ് വിദേശത്തുള്ള സഹോദരൻ പ്രവീൺ ചേർത്തല പൊലീസിൽ പരാതി നൽകുന്നത്. അന്വേഷണത്തിൽ തൃപ്തി ഉണ്ടെന്ന് വിദേശത്ത് ജോലി ചെയ്യുന്ന പ്രവീൺ പറയുന്നു.