സ്കേറ്റിങ് റോളറിൽ സ്വർണം വാരിക്കൂട്ടി ഒമ്പതുകാരൻ ആർവിഷ് വിശോഭ്
text_fieldsപരിശീലനം നടത്തുന്ന ആർവിഷ് വിശോഭ് പിന്നിൽ പിതാവ് ഡോ. വിശോഭ്
വി. നായരും മാതാവ് ഡോ. ആര്യ വിശോഭും
ചേർത്തല: കുട്ടിക്കാലത്ത് കളിക്കാൻ വാങ്ങികൊടുത്ത സ്കേറ്റിങ് റോളർ പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കി കേരളത്തിനകത്തും പുറത്തും മത്സരിച്ച് സ്വർണ മെഡലുകൾ വാരിക്കൂട്ടുകയാണ് ഒമ്പത് വയസ്സുകാരനായ ആർവിഷ് വിശോഭ്.
ചേർത്തല നഗരസഭ 15ാം വാർഡ് മരത്തോർവട്ടം സോപാനത്തിൽ ഡോ. വിശോഭ് വി. നായർ-ഡോ. ആര്യ വിശോഭ് ദമ്പതികളുടെ മകനും പട്ടണക്കാട് പബ്ലിക് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയുമായ ആർവിഷ് വിശോഭ് ആദ്യകാലങ്ങളിൽ ചെറിയ സമ്മാനങ്ങൾ നേടിയതോടെയാണ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
തുടർന്ന് എറണാകുളം സ്വദേശികളായ ഇ.എക്സ്. ഷാജി, ഷീബ മണി എന്നിവരുടെ കീഴിൽ വിദഗ്ധ പരിശീലനം നേടി. ജമ്മു-കശ്മീരിൽ നടന്ന നാഷനൽ റോളർ ബാസ്കറ്റ്ബാൾ മത്സരത്തിൽ കേരളത്തിൽനിന്നു പ്രതിനിധാനം ചെയ്ത് മെഡൽ കരസ്ഥമാക്കി. 2023 മേയിൽ ബെൽഗാമിൽ നടന്ന നോൺ-സ്റ്റോപ് സ്കേറ്റിങ് റോൾ ബോൾ മാരത്തണിൽ 51 മണിക്കൂറിനുള്ളിൽ ഒമ്പത് ലോക റെക്കോർഡുകൾ. 2023ൽ ഗിന്നസ് വേൾഡ് റെക്കാർഡും ആർവിഷിനെ തേടിയെത്തി.
മാർച്ച് 29 മുതൽ 31 വരെ ഗോവയിൽ നടന്ന നാഷനൽ അർബൻ ഗെയിംസിൽ ഫെഡറേഷൻ കപ്പ് 2024 ഇൻലൈൻ സ്കേറ്റിങ്ങിൽ 300, 500 മീറ്റർ സബ്ജൂനിയർ വിഭാഗത്തിൽ കേരളത്തിൽനിന്നും പങ്കെടുത്ത് ഇരട്ടസ്വർണം നേടി താരം നാടിന് അഭിമാനമായി. ജൂലൈയിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന മത്സരത്തിനുള്ള പരിശീലനത്തിലാണ് ആർവിഷ്.