നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ
text_fieldsസാദിഖ്
ചേർത്തല: നഴ്സിങ് പ്രവേശനം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയ പ്രതി അറസ്റ്റിൽ. വയനാട് മീനങ്ങാടി പഞ്ചായത്ത് 18-ാo വാർഡിൽ കാര്യമ്പാടി കല്ലത്താണി വീട്ടിൽ സാദിഖിനെ ( 29 ) ആണ് ചേർത്തല പൊലീസ് പിടികൂടിയത്. 23ന് എറണാകുളം പനങ്ങാടുനിന്നാണ് അറസ്റ്റ് ചെയ്തത്. ചേർത്തല സ്വദേശിയിൽനിന്നും മകന് ബംഗലൂരുവിലെ നഴ്സിംഗ് കോളജിൽ അഡ്മിഷൻ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം വാങ്ങുകയായിരുന്നു.
അഡ്മിഷൻ ലഭിക്കാത്തതിനെത്തുടർന്ന് പലതവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെത്തുടർന്ന് ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ വയനാട് പനമരം പൊലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, കൊടുവള്ളി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലും വയനാട് ജില്ലയിലെ സുൽത്താൻബത്തേരി സ്റ്റേഷൻ പരിധിയിലും ഇയാൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ 14 ദിവസത്തേക്കു റിമാൻറ് ചെയ്തു.