തുണികച്ചവടത്തിലെ നഷ്ടം നികത്താൻ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് തയാറാക്കി തട്ടിപ്പ് നടത്തിയ പ്രധാനാധ്യാപിക ഒളിവിൽ തന്നെ
text_fieldsചേര്‍ത്തല: വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് തയാറാക്കി തട്ടിപ്പ് നടത്തിയ കേസില്‍ നഗരത്തിലെ സർക്കാർ സ്കൂളിലെ പ്രഥമാധ്യാപിക ഒളിവിൽ തന്നെ. പ്രഥമാധ്യാപിക കരുവായില്‍ എന്‍.ആര്. സീതയാണ് താല്‍ക്കാലിക അധ്യാപകരുടെയും രക്ഷിതാക്കളുടെയും പേരില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് തയാറാക്കി പണം തട്ടിയത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് നടപടികള്‍ സ്വീകരിച്ചതായാണ് വിവരം.
ഇവര്‍ക്കെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി നാല് കേസെടുത്തെങ്കിലും കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിട്ടില്ല. പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷം അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. കെ.എസ്.എഫ്.ഇ ശാഖകളില്‍നിന്നുള്ള പരാതികളെ തുടര്‍ന്നാണ് ചേര്‍ത്തല, അര്‍ത്തുങ്കല്‍, പട്ടണക്കാട് പൊലീസ് കേസെടുത്തത്.
തുണിവ്യാപാര സ്ഥാപനം നടത്തിയുണ്ടായ നഷ്ടം നികത്താനാണു ഇവര്‍ തട്ടിപ്പു നടത്തിയതെന്നാണു പൊലീസിന് ലഭിച്ച വിവരം. വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപികക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും രംഗത്തുവന്നിട്ടുണ്ട്.