ചേലൊക്കാതെ ചേർത്തല
text_fieldsചേർത്തല നഗരത്തിൽ മാലിന്യം ശേഖരിച്ച് ഉന്തുവണ്ടിയിൽ കൊണ്ടുപോകുന്ന ഹരിതകർമ സേന അംഗങ്ങൾ
ചേർത്തല: മാലിന്യമൊഴിഞ്ഞ ചേർത്തലക്കായി ‘ചേലൊത്ത ചേർത്തല’ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതുപ്രകാരം നഗരസഭ സമ്പൂർണ ശുചിത്വ മേഖലയായി പ്രഖ്യാപിക്കുമ്പോഴും നഗരവും 35 വാർഡുകളും മാലിന്യം വിട്ടൊഴിയാത്ത നിലയിലാണ്. താലൂക്ക് ആശുപത്രിയിൽനിന്നു മലിനജലം സംസ്കരിക്കാതെ കനാലിലേക്ക് ഒഴുക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. മണ്ഡലത്തിലെ എം.എൽ.എയായ മന്ത്രി പി. പ്രസാദ് കൂടി മുൻകൈയെടുത്താണ് ചേലൊത്ത ചേർത്തല ആവിഷ്കരിച്ചത്.
പദ്ധതിയുടെ പോരായ്മ മനസ്സിലാക്കി പരിഹാരം കണ്ടെത്തി നഗരത്തെ ശുചിയാക്കാൻ മന്ത്രി മെനക്കെടുന്നുമില്ല. ഇതുമൂലം സമീപങ്ങളിൽ താമസിക്കുന്നവർക്ക് അസഹ്യമായ ദുർഗന്ധവും ശ്വാസതടസ്സവും ഉണ്ടാകുന്നു. നിരവധി തവണ ആരോഗ്യ വകുപ്പിനും നഗരസഭക്കും പരാതി നൽകിട്ടും പരിഹാരം ഉണ്ടായില്ല. ആശുപത്രിയിൽനിന്നു ദിവസേന ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വരുന്ന ആയിരക്കണക്കിനു ലിറ്റര്‍ മലിനജലം സംസ്കരിക്കാന്‍ സംവിധാനമുണ്ടെങ്കിലും ഇതിനു വേണ്ട രാസവസ്തുക്കൾ ഉൾപ്പെടെ ക്രമീകരണങ്ങള്‍ നടത്താതെ മാലിന്യം അതേപടി കനാലിലേക്കാണ് ഒഴുക്കുന്നത്. മാലിന്യ പ്ലാന്റ് ഏറ്റെടുത്ത കരാറുകാരൻ അടുത്തിടെ മുതലാണ് സംസ്കരിക്കാതെ കനാലിലേക്ക് ഒഴുക്കാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
കാനാലിൽ വെള്ളം കുറയുമ്പോഴാണ് അസഹ്യമായ ദുർഗന്ധം. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം എ.എസ് കനാലിന്റെ തീരത്ത് വലിയ സംഭരണശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തിനു വര്‍ഷാവര്‍ഷം കരാര്‍ നല്‍കുന്നുണ്ട്. മാലിന്യം ആശുപത്രി വളപ്പിലെ സംഭരണിയില്‍ എത്തിച്ച് അവിടെനിന്നു മോട്ടോര്‍ ഉപയോഗിച്ചാണ് പ്ലാന്റിലേക്കു മാലിന്യം എത്തിച്ചു സംസ്കരിച്ചു കനാലിലേക്കു വിടേണ്ടത്. നിലവിൽ ഇതു നടക്കാറില്ല. എന്നാൽ, മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്കരണമെന്നും അടുത്ത ദിവസങ്ങളില്‍പോലും സംസ്കരിച്ച വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് ആശുപത്രിയില്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
ഏറ്റവും കൂടുതൽ മാലിന്യം തള്ളുന്നിടം എ.എസ് കനാലാണ്. മുട്ടം മാർക്കറ്റിൽനിന്നുള്ള അറവുമാലിന്യവും വിവിധയിടങ്ങളിൽനിന്നു കൊണ്ടുവരുന്ന കക്കൂസ് മാലിന്യവും കനാലിൽ തള്ളുന്നുണ്ട്. വിവിധയിടങ്ങളിൽ നഗരസഭ 40ഓളം കാമറ സ്ഥാപിച്ചിട്ടുണ്ടങ്കിലും 90 ശതമാനവും പ്രവർത്തിക്കുന്നില്ല.
ഹരിതകർമ സേന പ്രവർത്തനനിരതം
അഞ്ച് വർഷത്തിനിടയിൽ ഹരിതകർമ സേന ചേർത്തല നഗരസഭക്ക് പുത്തൻ ശ്വാസമാണ് നൽകിവരുന്നത്. നഗരസഭയിലെ 35 വാർഡിൽനിന്നും യൂസർ ഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവമാലിന്യം ശേഖരിച്ചു എം.സി.എഫിൽ (മെറ്റീരിയിൽ കലക്ഷൻ ഫെസിലിറ്റി) എത്തിക്കുകയാണ് ഇവരുടെ പ്രധാന ജോലി. വീടുകളിൽനിന്നു അജൈവമാലിന്യം സ്വീകരിച്ച് എം.സി.എഫിൽ എത്തിക്കുന്നു.
ഇവിടെനിന്നു തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാധ്യമാക്കുന്നു. നിലവിൽ 69 പേരാണ് നഗരസഭയിലുള്ളത്. കഠിന പ്രയത്നംകൊണ്ട് ഇതിനോടകം 35 വാർഡുകളിലും സമ്പൂർണ ശുചിത്വ പ്രഖ്യാപനവും നടത്തി. എന്നാൽ, മാലിന്യ ശേഖരണത്തിന് ഇവർക്ക് വേണ്ട വാഹനങ്ങൾ ഇല്ലാത്തത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും മികച്ച ഹരിതകർമ സേന അവാർഡ്, കൊച്ചി ഗ്ലോബൽ എക്സ്പോയിൽ മികച്ച സേന എന്നീ അംഗീകാരവും തേടിയെത്തിട്ടുണ്ട്.