കതിർമണ്ഡപത്തിൽനിന്ന് നവദമ്പതികൾ പോളിങ് ബൂത്തിലെത്തി
text_fields1.വിവാഹ ചടങ്ങിന് ശേഷം കായംകുളം എം.എസ്.എം കോളജിലെ ബൂത്തുകളിൽ വോട്ട് ചെയ്ത ശേഷം വധുവരന്മാരായ അസ്ലമും അഹ്സാനയും. 2. ജിൻസി വോട്ട് രേഖപ്പെടുത്തിയ ശേഷം ഭർത്താവ് സന്ദേഷിനൊപ്പം
ചേർത്തല: കതിർമണ്ഡപത്തിൽ നിന്ന് നവദമ്പതികൾ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. ചേർത്തല മുനിസിപ്പൽ 20ാം വാർഡിൽ കോന്നോത്ത്ച്ചിറയിൽ കുഞ്ഞുമോന്റെ മകൾ ശ്രീലക്ഷ്മിയും പട്ടണക്കാട് മേനാശേരി നികർത്തിൽ ദിലീപിന്റെ മകൻ യദുകൃഷ്ണനുമായുള്ള വിവാഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ ക്ഷേത്രത്തിലാണ് നടന്നത്. ഇരുവരുടേയും വോട്ട് ചേർത്തല നിയോജക മണ്ഡലത്തിലായിരുന്നു.
വിവാഹത്തിന് ശേഷം തിരിച്ചെത്തിയ ദമ്പതികൾ ആദ്യം യദുകൃഷ്ണന്റെ വോട്ട് പട്ടണക്കാട് കുന്നുപുറം സ്കൂളിൽ രേഖപ്പെടുത്തിയ ശേഷം ശ്രീലക്ഷ്മി വൈകീട്ട് നാലോടെ മതിലകം ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിലെ 103ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. വോട്ട് രേഖപ്പെടുത്തണമെന്ന് വിവാഹത്തിന് മുന്നേ തീരുമാനിച്ചിരുന്നതായി ദമ്പതികൾ പറഞ്ഞു.
കായംകുളം: വിവാഹ ശേഷം ഓഡിറ്റോറിയത്തിൽനിന്ന് നേരെ ബൂത്തിലെത്തി വധൂവരന്മാർ വോട്ട് രേഖപ്പെടുത്തി. കായംകുളം കടേശേരിൽ കുഞ്ഞുമോന്റെ മകൻ അസ്ലമും ചെമ്പിശേരിതറയിൽ അഹമ്മദ്കുഞ്ഞിന്റെ മകൾ അഹ്സാനയുമാണ് എം.എസ്.എം കോളജിലെ ബൂത്തുകളിൽ വോട്ട് ചെയ്തത്.
നഗരത്തിലെ ടി.എ കൺവെൻഷൻ സെന്ററിലായിരുന്നു അയൽവാസികൾകൂടിയായ ഇരുവരുടെയും വിവാഹ ചടങ്ങ്. ചടങ്ങുകൾക്ക് ശേഷം നേരെ കോളജിലെ 78 ാം നമ്പർ ബൂത്തിൽ അസ്ലമും 79 ൽ അഹ്സാനയും വോട്ട് ചെയ്തു.
ഖത്തറിൽ ജോലി ചെയ്യുന്ന അസ്ലം കഴിഞ്ഞ അഞ്ചിനാണ് നാട്ടിലെത്തിയത്.
ചാരുംമൂട്: കല്യാണ ദിവസം കന്നിവോട്ട് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജിൻസി. ചാരുംമൂട് താമരക്കുളം വി.വി.എച്ച്.എസ്.എസിലെ 114 -ാം നമ്പർ പിങ്ക് പോളിങ് സ്റ്റേഷനിലാണ് ജിൻസി വോട്ട് രേഖപ്പെടുത്തിയത്. കരിമുളയ്ക്കൽ ജിൻസി ഭവനം ജേക്കബ് ചെറിയാന്റെയും സുമ ജേക്കബിന്റെയും മകളായ ജിൻസിയും പൂണെ സ്വദേശി ജയേഷിന്റെ മകൻ സന്ദേഷും വ്യാഴാഴ്ച രാവിലെ 11.30 ന് കരിമുളയ്ക്കൽ സെൻറ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ചാണ് വിവാഹിതരായത്.
വിവാഹ ചടങ്ങുകൾക്കു ശേഷം വൈകീട്ട് നാലോടെ സന്ദേഷിനും കുടുംബ അംഗങ്ങൾക്കുമൊപ്പമാണ് ജിൻസി പോളിങ് ബൂത്തിലെത്തിയത്. വിവാഹ ദിവസത്തിൽ തന്നെ കന്നിവോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ജിൻസി പറഞ്ഞു.


