ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്; 7.5 കോടി പാഴായോ?
text_fieldsചേർത്തല നഗരസഭ ആനത്തറ വെളിയിലെ പ്രവർത്തനരഹിതമായ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ്
ചേർത്തല: നഗരസഭയുടെ നേതൃത്വത്തിൽ ആനത്തറ വെളിയിൽ ആരംഭിച്ച ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് രണ്ടര മാസം. ശുചിമുറി മാലിന്യം സംസ്കരിക്കാൻ ജില്ലയിൽ ആരംഭിച്ച ഏക പ്ലാന്റാണിത്. മാർച്ചിലാണ് ആരംഭിച്ചത്. മൂന്നു മാസത്തിനുള്ളിൽ വിവിധ പ്രശ്നങ്ങളും എതിർപ്പുകളും വന്നതോടെ നിർത്തിവക്കേണ്ടിവന്നു.
ജൂലൈയിൽ ശക്തമായ മഴയിൽ വെള്ളം കയറി സംസ്കരണാവശിഷ്ടം (ക്ലേ ) മറ്റ് പരിസരങ്ങളിലേക്ക് ഒഴുകിയ സാഹചര്യത്തിലാണ് പ്രവർത്തനം നിർത്തിവച്ചത്. പ്ലാന്റ് നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാതെയാണു പ്രവർത്തനം ആരംഭിച്ചതെന്ന് ആരോപണമുയർന്നിരുന്നു.
പ്രവർത്തനം നിർത്തി രണ്ടര മാസം കഴിഞ്ഞിട്ടും പരിഹാരമുണ്ടാക്കാൻ നഗരസഭയും സർക്കാരും തയാറാകുന്നില്ല. 7.5 കോടിരൂപ മുടക്കിലാണ് സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ പ്ലാന്റ് നിർമിച്ചത്. ദിവസേന 2.5 ലക്ഷം ലിറ്റർ ശുചിമുറി മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റാണ്. ആരംഭഘട്ടത്തിൽ കാട്ടിയ ഇടപെടൽ തദ്ദേശ വകുപ്പിൽനിന്നും നഗരസഭയിൽനിന്നും ഇപ്പോൾ ഉണ്ടാകുന്നില്ല. നിർമാണവും തുടർന്ന് പ്ലാന്റിന്റെ പരിപാലനവും നടത്തുന്ന കമ്പനിക്ക് 50 ശതമാനത്തോളം തുക ഇനിയും നൽകാനുണ്ട്. കരാർ തുക നൽകാത്തതിനാൽ കമ്പനി തുടർനടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
മഴവെള്ളം പ്ലാന്റിന്റെ അകത്തു കടക്കാതിരിക്കാനുള്ള സംവിധാനം അടുത്തിടെ കരാർ കമ്പനി ഒരുക്കിയെങ്കിലും സംസ്കരിച്ച വെള്ളം ഒഴുക്കിവിടുന്നതിനും സംസ്കരണ അവശിഷ്ടത്തിൽ ജലാംശം കുറക്കുന്നതിനുമുള്ള സംവിധാനവും സ്ഥാപിക്കാനായിട്ടില്ല. ഇതാണ് ഇപ്പോൾ പ്രവർത്തനത്തിനു തടസ്സം. മൂന്നു മാസം പ്രവർത്തിച്ച പ്ലാന്റിൽ 40 ലക്ഷം ലിറ്റർ മാലിന്യമാണ് സംസ്കരിച്ചത്. പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതോടെ ചേർത്തലയിലും സമീപ പ്രദേശങ്ങളിലും ശുചിമുറി മാലിന്യം തള്ളൽ പതിവായിട്ടുണ്ട്.
വിജിലൻസ് അന്വേഷണം വേണം -പി.എസ്. ജ്യോതിഷ്
(തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ്)
പ്ലാന്റിന്റെ പ്രവർത്തനം നിർത്തി വിജിലൻസ് അന്വേഷണം നടത്തണമെന്ന് തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിഷ് ആവശ്യപ്പെട്ടു. പ്ലാന്റിൽ മാലിന്യം പരിസര പ്രദേശങ്ങളിലേക്ക് ഒഴുകുന്നതായി പരാതി വന്നതോടെയാണ് ജില്ല ഭരണകൂടം പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെക്കാൻ നിർദ്ദേശം നൽകിയത്
. പ്ലാന്റിന്റെ പരിസരത്തും സമീപസ്ഥലങ്ങളിലേക്കും മാലിന്യമൊഴുകിയതായി കാട്ടി സമീപ സ്ഥാപനങ്ങൾ കലക്ടർക്കടക്കം പരാതി നൽകിയതോടെയാണ് അടച്ചുപൂട്ടൽ നേരിടേണ്ടി വന്നത്. പ്ലാന്റിൽനിന്നു വലിയതോതിൽ മാലിന്യം പുറത്തേക്കൊഴുകുകയാണെന്നും മാലിന്യം നിറഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയുടെ മതിൽ തകർന്നതായും പരാതിയുണ്ട്. നിർമാണത്തിലെ അപാകതയാണിതിനു കാരണം. കാരണം കണ്ടെത്താൻ വിജിലൻസ് അന്വേഷണം ആവശ്യമാണെന്ന് ജ്യോതിഷ് പറഞ്ഞു.
പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും -ടി.എസ്. അജയകുമാർ
(ചേർത്തല നഗരസഭ വൈസ് ചെയർമാൻ)
രണ്ട് മാസത്തിനുള്ളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ. കഴിഞ്ഞ മഴ കാലഘട്ടത്തിൽ ക്ലേ മറ്റ് പ്രദേശങ്ങളിൽ ഒഴുകിയതാണ് പ്രശ്നമായത്. ക്ലേ നനഞ്ഞാൽ ഉണങ്ങാൻ സമയമെടുക്കും. 50 ലോഡ് മാലിന്യം ദിവസേന സംഭരിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. ക്ലേയിൽനിന്നു വളമുണ്ടാക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും ഉടൻ പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അജയകുമാർ പറഞ്ഞു.


