വിരമിച്ച ഭർത്താവിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചെന്ന് വിധവ
text_fieldsപ്രീതി രമണൻ
ചേർത്തല: ഭർത്താവ് സർവിസിൽ നിന്നും വിരമിച്ചപ്പോൾ ലഭിക്കാനുള്ള തുകക്ക് വേണ്ടി വിധവയായ വീട്ടമ്മ വിവിധ ഓഫിസുകളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ആറ് വർഷം.ചേർത്തല ശ്രീ നാരായണപുരം കൃഷ്ണ കൃപയിൽ പ്രീതി രമണനാണ് രണ്ട് പെൺമക്കളുമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നത്. ചേർത്തല ഗവ. പോളിടെക്നിക്ക് കോളജിൽ മെക്കാനിക്കൽ വിഭാഗം ലക്ചററായിരുന്ന പ്രീതിയുടെ ഭർത്താവ് ആർ.രമണൻ 2019 ജൂൺ 30 നാണ് വിരമിച്ചത്.
ഉയർന്ന സി.പി.സി കാറ്റഗറിയിലിരിക്കെ തോട്ടുതാഴെ കാറ്റഗറി പ്രതിഫലമാണ് വർഷങ്ങളായി രമണന് ലഭിച്ചിരുന്നത്. വിരമിക്കുമ്പോൾ എല്ലാവിധ ആനുകൂല്യങ്ങളോടുംകൂടി ലഭിക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും പണം ലഭിച്ചില്ല. വിരമിച്ചിട്ടും പണം ലഭിക്കാതെ വന്നതോടെ രമണൻ ഓഫീസുകളിൽ കയറിയിറങ്ങാൻ തുടങ്ങി.
ഇതിനിടെ കരൾ സംബന്ധമായ അസുഖം രമണനെ പിടികൂടുകയും സ്ഥിതി വഷളാകുകയും ചെയ്തു. കരൾ മാറ്റിവയ്ക്കൽ ശ്രസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ട അവസ്ഥയുമായി . ഇതിനായി 40 ലക്ഷത്തോളം രൂപ ആവശ്യമായി വന്നതോടെ കുടുംബം പകച്ചു നിന്നു. മകൾ കരൾ നൽകാൻ സന്നദ്ധയായെങ്കിലും സർജറിക്ക് വേണ്ട 40 ലക്ഷത്തോളം രൂപ കണ്ടെത്താനായില്ല.
രമണന് സർക്കാരിൽ നിന്നും ലഭിക്കേണ്ട തുകക്കായി ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർക്ക് അപേക്ഷ അയച്ചു. പിറ്റേ ദിവസം തന്നെ തുക അനുവദിച്ച് പേ-സ്ലിപ്പ് നൽകിയെങ്കിലും പണം ലഭിച്ചില്ല.അന്വഷിച്ചപ്പോൾ ഫണ്ട് വന്നിട്ടില്ലെന്ന മറുപടിയാണ് കിട്ടിയത്.ഇതോടെ രമണന്റെ ശസ്ത്രക്രിയയും മുടങ്ങി. ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 12 ന് രമണൻ മരിച്ചു. സാമ്പത്തികമായി കുടുംബം തകർന്നതോടെ മുഖ്യമന്ത്രി, ഹയർ എജുക്കേഷൻ ഡയറക്ടർ, കൃഷി വകുപ്പ് മന്ത്രിയും എം.എൽ.എയുമായ പി.പ്രസാദ്, ധനകാര്യ മന്ത്രി, സി.പി.എം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, ഗവർണർ എന്നിവർക്ക് പ്രീതി രമണൻ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
കോൺഗ്രസ് അനുകൂല സംഘടനയിൽ പ്രവർത്തിച്ചതുമൂലമാണ് സർക്കാർ രമണന് നൽക്കേണ്ട ആനുകൂല്യങ്ങൾ നൽകാത്തതാണെന്നും സമാന രീതിയിൽ ഏഴോളം പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാത്തതുമൂലം അവർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രീതി രമണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള സദസിലും പരാതി നൽകിട്ടും പരിഹാരമുണ്ടായില്ല. ഇനി എങ്ങോട്ട് പോകണമെന്നറിയാതെ വിവാഹ പ്രായമായ പെൺമക്കളുമായി കഴിയുകയാണ് പ്രീതി രമണൻ.വിരമിച്ച ഭർത്താവിന്റെ ആനുകൂല്യങ്ങൾ
തടഞ്ഞുവെച്ചെന്ന് വിധവ