ഓളപ്പരപ്പിൽ ഇനി ഒഴുകുന്ന പൂന്തോട്ടം; വേമ്പനാട്ട് കായലിൽ പൂകൃഷിക്ക് തുടക്കം
text_fieldsകൃഷിക്കായി വേമ്പനാട്ട് കായലിൽ സുജിത് ഒരുക്കിയ പോള ബെഡ്
മുഹമ്മ: വേമ്പനാട്ട് കായലിൽ ഇനി ഒഴുകുന്ന പൂന്തോട്ടം. കേരളത്തിലെ ആദ്യ പൂന്തോട്ടം തണ്ണീർമുക്കത്ത് ഒരുങ്ങുന്നു. ചൊരിമണലിൽ സൂര്യകാന്തി കൃഷിയിലൂടെ വിപ്ലവം തീർത്ത യുവകർഷകൻ സുജിത് സ്വാമി നികർത്തിലിേൻറതാണ് പുതുപരീക്ഷണം.
കായലിലെ ഒരു സെൻറിൽ ബന്ദിപ്പൂകൃഷിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് കണ്ണങ്കരയിൽ നിർവഹിച്ചു. പോളകൊണ്ട് ശാസ്ത്രീയമായി തടമൊരുക്കിയാണ് കൃഷി.
താഴെ മുളക്കമ്പുകൾ പാകി പോളകൾ കായൽപരപ്പിൽ കൃത്യമായ ഇടത്ത് അടുക്കും. 10 മീറ്റർ നീളവും ആറുമീറ്റർ വീതിയുമുള്ള രണ്ടു പോളത്തടങ്ങൾ വേമ്പനാട്ടുകായലിലെ തണ്ണീർമുക്കം കണ്ണങ്കരയിൽ ഒരുക്കിയാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്.
ആദ്യം ബന്ദിപ്പൂകൃഷിയും തുടർന്ന് മറ്റ് കൃഷികളുമാണ് ലക്ഷ്യം. മത്സ്യബന്ധനത്തിനും മറ്റും തടസ്സമാകുന്ന പോളപ്പായൽ ഇത്തരത്തിൽ പ്രയോജനപ്പെടുത്തുന്നതോടെ ഈ ശല്യത്തിനും പരിഹാരമാകും. ഒന്നരമാസത്തെ അധ്വാനത്തിനൊടുവിലാണ് സുജിത് കൃഷിക്ക് പറ്റിയ പോളത്തടം ഒരുക്കിയത്. ഇതിന് അഞ്ചു ടണ്ണോളം പോള ഉപയോഗിച്ചു. ഒരുതടത്തിൽതന്നെ നാലുതവണ കൃഷിയിറക്കാം. നനക്കുകയും വേണ്ട. വളവും ഇടേണ്ട. ലക്ഷങ്ങൾ ചെലവഴിച്ചാണ് അധികൃതർ ഇപ്പോൾ കായലിലെ പോള നീക്കുന്നത്.
പൂകൃഷി വിജയിച്ചാൽ കായൽ ടൂറിസത്തിനും അത് വലിയ മുതൽക്കൂട്ടാകും. കൂട്ടത്തിൽ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കും. പദ്ധതിക്ക് കൃഷി വകുപ്പിെൻറ എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. തണ്ണീർമുക്കം പഞ്ചായത്തിെൻറ സഹകരണത്തോടെയാണ് പദ്ധതി.
പഞ്ചായത്ത് പ്രസിഡൻറ് മഞ്ജുള, വൈസ് പ്രസിഡൻറ് പ്രവീൺ ജി. പണിക്കർ, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. ഷാജു, ഹേന, എസ്. രാധാകൃഷ്ണൻ, എസ്. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.