നാട് കാണാൻ സഞ്ചാരികളെ കൂടെക്കൂട്ടി ‘ആലപ്പി റൂട്സ്’
text_fieldsകമ്യൂണിറ്റി ടൂറിസത്തിന്റെ ഭാഗമായി ആലപ്പുഴയിലെ ഉൾനാടൻ കാഴ്ചകൾ
കാണാനെത്തിയ വിനോദസഞ്ചാരി ഓലമെടയുന്നു
ആലപ്പുഴ: പതിവ് സ്ഥലങ്ങളിൽനിന്ന് വ്യത്യസ്തമായ യാത്രയിലേക്കാണ് ആലപ്പി റൂട്സ് സഞ്ചാരികളെ കൂട്ടിക്കൊണ്ടുപോകുന്നത്. മീൻപിടുത്തം, ആമ്പൽവസന്തം, ഉൾനാടൻകാഴ്ചകൾ ഇതെല്ലാം കൺമുന്നിൽ കാണാനാകും. തദ്ദേശീയർക്ക് വരുമാനം ഉറപ്പാക്കാൻ കുടുംബശ്രീയുടെ ‘കമ്യൂണിറ്റി ടൂറിസം’ വഴിയാണ് പുതിയ സംരംഭത്തിന്റെ പിറവി. നാട്ടിൻപുറങ്ങളിലെ ടൂറിസം സംരംഭങ്ങളെയും സാധ്യതകളെയും പ്രയോജനപ്പെടുത്തി സാധാരണക്കാരുടെ തൊഴിലും വരുമാനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പാക്കിയത് ആലപ്പുഴയിലാണ്. കമ്യൂണിറ്റി ടൂറിസത്തിന്റെ ആദ്യപടിയായി ‘ആലപ്പി റൂട്സ്’ എന്ന പേരിൽ സ്ത്രീകൾ മാത്രം നേതൃത്വം വഹിക്കുന്ന ടൂർ ഓപറേറ്റിങ് സംഘമാണുള്ളത്. സംരംഭകർക്കും സഞ്ചാരികൾക്കും ആവശ്യമായ സഹായങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ജോലികളാണ് പ്രധാനമായും ചെയ്യുന്നത്. വിനോദസഞ്ചാരികൾക്ക് അവർ ആവശ്യപ്പെടുന്ന തരത്തിലുള്ള പാക്കേജുകൾ തെരഞ്ഞെടുക്കാം.
ആമ്പൽ വസന്തം, മത്സ്യബന്ധനം, കൃഷി, കായലും ഇടത്തോടും ബീച്ചും ചേരുന്ന ജലടൂറിസം തുടങ്ങിയവെയല്ലാം കമ്യൂണിറ്റി ടൂറിസത്തിൽ ഉൾപ്പെടും. സീസൺ അനുസരിച്ചാണ് പാക്കേജുകൾ നിർണയിക്കുന്നത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് ആളുകളെ കൂട്ടിക്കൊണ്ടുപോയി തിരികെയെത്തിക്കും. വലിയ സംഘങ്ങൾക്ക് ഒരുദിവസം 1500 രൂപ (ഒരാൾക്ക്) വീതമുള്ള പാക്കേജുകളാണ് ഒരുങ്ങുന്നത്. ആളുകളുടെ എണ്ണവും വിവിധയിടങ്ങളിൽനിന്ന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്ത് തുകയും മാറും. കൂടാതെ താമസസൗകര്യം, ചെറിയ വഞ്ചി-ഗൈഡഡ് ഹെറിറ്റേജ് സവാരികൾ, നാടൻ ഭക്ഷണസൗകര്യം, അഗ്രി-ടൂറിസം തുടങ്ങിയവയുമുണ്ടാകും.
പദ്ധതിയിൽ കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ 30ലധികം ടൂറിസം സംരംഭകരെയും കോർത്തിണക്കും. തദ്ദേശീയരെയും അവരുടെ സംരംഭങ്ങളെയും വിനോദസഞ്ചാര മേഖലയിലേക്ക് എത്തിക്കുന്നതാണിത്. കുടുംബശ്രീ നാഷനൽ റിസോഴ്സ് ഓർഗനൈസേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കുട്ടനാടാണ് പഠനകേന്ദ്രമായിട്ടുള്ളത്. നീലംപേരൂർ, കാവാലം, കൈനകരി, ചമ്പക്കുളം ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ട പ്രവർത്തനം. കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. തുടക്കത്തിൽ രാജസ്ഥാനിൽനിന്നുള്ളവരാണ് എത്തിയിരുന്നത്.
ഇപ്പോഴത് പൂർണമായും വിദേശികൾ കൈയടക്കി. സൗന്ദര്യം നുകരാൻ ഇറ്റലി, ജർമനി, ഫ്രാൻസ്, ന്യൂസിലൻഡ് എന്നിവിടങ്ങളിൽനിന്നുപോലും ആളുകൾ എത്തുന്നുണ്ട്. വേമ്പനാട്ടുകായൽ, വട്ടക്കായൽ, ആലപ്പുഴ ബീച്ച്, നാടൻ ഭക്ഷ്യവിഭവങ്ങൾ, ഹോംസ്റ്റേ എന്നിവ ആസ്വദിച്ചും നാട്ടിലെ മത്സ്യബന്ധനം, ഓലമേയൽ തുടങ്ങിയവയെല്ലാം കണ്ടും പരീക്ഷിച്ചുമാണ് മടക്കം.