ആറാട്ടുപുഴ കാർത്തിക ജങ്ഷൻ ഭാഗത്ത് ജിയോബാഗ് സംരക്ഷണഭിത്തി നിർമാണം ഉടൻ
text_fieldsകടേലറ്റ ഭീഷണി നേരിടുന്ന കാർത്തിക ജങ്ഷൻ ഭാഗം
ആറാട്ടുപുഴ: കാലങ്ങളായി കടേലറ്റ ദുരിതം പേറുന്ന ആറാട്ടുപുഴ കാർത്തിക ജങ്ഷൻ ഭാഗത്ത് താൽക്കാലിക തീര സംരക്ഷണത്തിന് നടപടി. ജിയോബാഗിൽ മണൽ നിറച്ചുള്ള സംരക്ഷണഭിത്തിയാണ് ഇവിടെ നിർമിക്കുക. 125 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി ഒരുക്കാൻ 15.9 ലക്ഷം രൂപയാണ് അനുവദിച്ചത്. നിർമാണം രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. കടേലറ്റത്തിന്റെ നിത്യദുരിതം പേറുന്ന പ്രദേശമാണ് പടിഞ്ഞാറേ ജുമാമസ്ജിദ് മുതൽ കാർത്തിക ജങ്ഷൻ വരെയുള്ള ഭാഗം. നിരവധി വീടുകളാണ് ഇവിടെ കടലെടുത്ത് പോയത്. തീരദേശറോഡും കടലും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണ് ഇവിടെയുള്ളത്. ചെറുതായൊന്ന് കടലിളകിയാൽ റോഡ് കവിഞ്ഞ് കടൽവെള്ളം ഒഴുകും.
തീരദേശ റോഡിന് കിഴക്കുഭാഗത്ത് താമസിക്കുന്നവരും കടൽവെള്ളം ഒഴുകിയെത്തുന്നത് മൂലം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. റോഡിൽ മണൽ അടിയുന്നതിനാൽ ഗതാഗതം മുടങ്ങുന്നത് ഇവിടെ പതിവാണ്. ജിയോ ബാഗ് സംരക്ഷണഭിത്തി വരുന്നതോടെ കടലാക്രമണ ദുരിതങ്ങൾക്ക് താൽകാലിക ആശ്വാസം ആകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
ഗുരുതര കടലാക്രമണ ഭീഷണി നേരിടുന്ന ആറാട്ടുപുഴ പത്തിശേരിൽ, മംഗലം, കുറിച്ചിക്കൽ ഭാഗങ്ങളിൽ തീരസംരക്ഷണത്തിന് നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ കടലാക്രമണങ്ങളിൽ വലിയ നാശമാണ് ഈ ഭാഗങ്ങളിലുണ്ടായത്. രണ്ടു വീടുകൾ പൂർണമായും തകർന്നു. നാല് പതിറ്റാണ്ട് മുമ്പ് നിർമിച്ച കടൽ ഭിത്തി കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഇവിടെ തകർന്ന നിലയിലാണ്.
പെരുമ്പള്ളി ജങ്കാർ ജങ്ഷന് വടക്ക് ഭാഗത്ത് ഒരു വർഷം മുമ്പ് ജിയോ ബാഗ് ഉപയോഗിച്ച് നിർമിച്ച സംരക്ഷണഭിത്തി പൂർണമായും തകർന്നതോടെ തൃക്കുന്നപ്പുഴ -വലിയഴീക്കൽ തീരദേശ റോഡ് ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ഗുരുതര ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ താൽക്കാലിക സംരക്ഷണം ഒരുക്കാൻ പ്രൊപോസൽ നൽകിയിട്ടുണ്ടെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.