Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാചകവാതക പ്രതിസന്ധി...

പാചകവാതക പ്രതിസന്ധി രൂക്ഷം; സിലിണ്ടറുകൾ കിട്ടാതെ ഹോട്ടലുകൾ

text_fields
bookmark_border
പാചകവാതക പ്രതിസന്ധി രൂക്ഷം; സിലിണ്ടറുകൾ കിട്ടാതെ ഹോട്ടലുകൾ
cancel

ആലപ്പുഴ: പരിഹാരമുണ്ടായെന്ന പ്രഖ്യാപനം വന്നിട്ടും ഹോട്ടലുകാർക്ക് വാണിജ്യപാചകവാത സിലിണ്ടറുകൾ കിട്ടുന്നില്ല. ഒന്നരയാഴ്ചയിലേറെയായി ജില്ലയിലെ പല ഭാഗങ്ങളിലും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടർ ലഭിക്കാതെ ചെറുതും വലുതുമായ നിരവധി ഹോട്ടലുകളാണ് പൂട്ടിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് അസ്തമിച്ചത്. മുൻകൂർ ബുക്ക് ചെയ്തിട്ടും ആവശ്യപ്പെട്ട സിലിണ്ടറുകൾക്ക് പകരം സ്റ്റോക്കില്ലെന്ന മറുപടിയാണ് ഗ്യാസ് ഏജൻസികളിൽനിന്ന് ലഭിക്കുന്നതെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

അടച്ചിട്ടിട്ടും കെട്ടിടത്തിന്‍റെ വാടക, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാർജ് തുടങ്ങി പതിവ് ചെലവുകൾ നൽകണം. ഇത് എവിടെനിന്ന് കണ്ടെത്തുമെന്ന ആശങ്കലാണിവർ. തൊഴിൽ പ്രതിസന്ധിയിൽ അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാടുവിട്ടതും തിരിച്ചടിയായി. വരുമാനമില്ലാത്തതിനാൽ നിലവിലുള്ളവരെ പിടിച്ചുനിർത്താനും കഴിയുന്നില്ല. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് പരിസരത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമായിരുന്ന ചെറിയകടകൾ വരെ പൂട്ടേണ്ടിവന്നു. ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ എന്നിവയുടെ വിൽപന നിർത്തിയതോടെ ഭക്ഷണം കിട്ടാൻ മറ്റിടങ്ങൾ തേടിപോകേണ്ട സ്ഥിതിയുണ്ട്.

ഇറച്ചി വിൽപനയിലും ഇടിവ്

ഹോട്ടലുകളില്ലാതായതോടെ ഇറച്ചിക്കോഴി വിൽപനയിലും വൻ ഇടിവ്. കർഷകരും കച്ചവടക്കാരും ഈസ്റ്റർ വിപണിയിൽ ഏറെ പ്രതീക്ഷച്ചിരുന്നെങ്കിലും ഇക്കുറി വലിയ നഷ്ടമാണുണ്ടായത്. ജില്ലയിൽ രണ്ടര ലക്ഷം കിലോ ഇറച്ചിക്കോഴിയാണ് ആഘോഷദിനത്തിൽ വിറ്റിരുന്നത്. ഇതിനൊപ്പം ഹോട്ടലുകൾ അടഞ്ഞതോടെ ഇറച്ചിവിഭവങ്ങൾ ഗണ്യമായി കുറഞ്ഞതും വിൽപനയെ കാര്യമായി ബാധിച്ചു.

വിഷു ‘സദ്യ’ ഓർഡറുകളില്ല

വിഷുവിന് കാറ്ററിങ് സ്ഥാപനങ്ങൾക്ക് സദ്യ ഓർഡർ നൽകാമെന്ന പ്രതീക്ഷ ഇക്കുറി വേണ്ട. പാചകവാതക പ്രതിസന്ധിയിൽ വിഷു സദ്യ ഓ‌ർഡറുകൾ സ്വീകരിക്കുന്നത് കുറച്ചു. വളരെ ചുരുക്കം സ്ഥാപനങ്ങൾ മാത്രമാണ് നിലവിൽ ഓർഡർ എടുക്കുന്നത്. വിഷു ദിനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം അധികസമയം ചെലവഴിക്കാമെന്ന ആഗ്രഹത്താലാണ് പലരും സദ്യ പാഴ്സലായി വാങ്ങുന്നത്. ഗ്യാസില്ലാതെ ഓർഡറുകൾ ഏറ്റെടുക്കാനാവാത്ത സ്ഥിതിയിലാണ് ഹോട്ടലുകാർ.

നേരത്തെ സമൂഹമാധ്യമത്തിൽ പരസ്യം നൽകിയായിരുന്നു ഓർഡർ എടുത്തിരുന്നത്. വിളമ്പാനുള്ള വാഴയില, ഉപ്പേരി, ശർക്കരവരട്ടി, പഴം, പപ്പടം, അച്ചാർ, രണ്ടുതരം പായസം, ചോർ, ഓലൻ, രസം, സംഭാരം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശ്ശേരി, കാളൻ, കിച്ചടി, പച്ചടി, മാങ്ങാക്കറി, തോരൻ, കൂട്ടുകറി, മുളകുകൊണ്ടാട്ടം എന്നിവയുണ്ടായിരുന്നു. 180 മുതൽ 500 രൂപ വരെയാണ് ഒരുസദ്യയുടെ നിരക്ക്.

Show Full Article
TAGS:Cooking Gas crisis Hotels closed 
News Summary - Cooking gas crisis Hotels without cylinders
Next Story