മുടക്കിയത് കോടികൾ; ജലരേഖയായി തഴുപ്പ് വിനോദസഞ്ചാര പദ്ധതി
text_fieldsഅരൂർ: ഉൾനാടൻ കായൽ വിനോദ സഞ്ചാരസാധ്യതകൾ മുന്നിൽകണ്ട് അരൂർ മണ്ഡലത്തിൽ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും എല്ലാം പാളിപ്പോയ നിലയിൽ. അതിലൊന്നാണ് കുത്തിയ തോട് പഞ്ചായത്തിലെ തഴുപ്പ് ഉൾനാടൻ വിനോദസഞ്ചാര പദ്ധതി. ഇവിടത്തെ ശാന്തമായ അന്തരീക്ഷവും തടാക തുല്യമായ കായലും ഉൾപ്പെടുത്തി വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
അതിന്റെ ഭാഗമായാണ് ഹൗസ് ബോട്ടുകൾ ലാൻഡ് ചെയ്യാൻ ലാൻഡിങ് സെന്റർ ആസൂത്രണം ചെയ്തത്. ഹൗസ്ബോട്ടുകൾ അടുപ്പിക്കുന്നതിന് ജെട്ടിയും സഞ്ചാരികൾക്ക് വിശ്രമിക്കാൻ സൗകര്യവും കോടികൾ മുടക്കി ഇവിടെ നിർമിച്ചു. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം ഇതിനായി വിട്ടു നൽകി. കെട്ടിടങ്ങൾ നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു ഹൗസ് ബോട്ട് പോലും ഇവിടെയെത്തിയില്ല. സമീപത്തുള്ള സ്വകാര്യ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശികൾ അടക്കം ആയിരക്കണക്കിന് സഞ്ചാരികൾ വന്നുപോയി.
കോടികൾ മുടക്കിയ സർക്കാറിന്റെ വിനോദസഞ്ചാര കെട്ടിടങ്ങൾ ഒരു സഞ്ചാരി പോലും കയറാതെ നശിക്കു കയാണ്. അനേകം ഗ്രാമീണർക്ക് ഉപ ജീവനത്തിന് ആശ്രയിക്കാൻ കഴിയുന്ന തൊഴിൽ മേഖലയായി വിനോദസഞ്ചാരം കേരളത്തിൽ തന്നെ പലസ്ഥലത്തും മാറിയിട്ടുണ്ട്.
അരൂർ മേഖലയിൽ പ്രതീക്ഷയോടെ പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ പച്ച പിടിച്ചതാണ് ഉൾനാടൻ കായൽ വിനോദ സഞ്ചാരം. കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് കായലും അനുബന്ധമായ ഇടത്തോടുകളും മത്സ്യപാടങ്ങളും കടലോളം എത്തുന്ന വലിയ തോടുകളുമാണ് വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. വിദേശ-സ്വദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഇവിടെ എത്തുന്നവർ ഗ്രാമീണ ജീവിതങ്ങളുടെ നേരനു ഭവങ്ങളും നേർക്കാഴ്ചകളുമാണ് ആഗ്രഹിക്കുന്നത്. തഴുപ്പ് ഗ്രാമം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി ഈ ടൂറിസ്റ്റ് മേഖലയെ തദ്ദേശീയരായ ചിലർ വികസിപ്പിച്ചെടുത്തിരുന്നു. സ്വകാര്യ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ച കണ്ടാണ്, അരൂർ മണ്ഡലത്തിലെ മുൻ എം.എൽ.എ സർക്കാർ പദ്ധതി ഈ മേഖലയിൽ ആരംഭിക്കാൻ തീരുമാനിച്ചത്.
അരൂക്കുറ്റിയിലും തഴുപ്പിലും ഹൗസ് ബോട്ട് ടെർമിനലുകൾ നിർമിച്ചു. അന്ധകാരനഴിയിൽ വിപുലമായ സൗകര്യങ്ങളോടെ വിനോദസഞ്ചാര കേന്ദ്രം പണിതു. ഇതെല്ലാം കോർത്തിണക്കുന്ന തരത്തിൽ സർക്യൂട്ട് ടൂറിസം പദ്ധതി ആസൂത്രണം ചെയ്യാനായിരുന്നു ലക്ഷ്യം. പക്ഷേ പദ്ധതി തുടങ്ങുന്നതിനു മുമ്പേ പാളിപ്പോയി. തഴുപ്പിലും അരൂക്കുറ്റിയിലും ഹൗസ് ബോട്ടുകൾക്ക് ലാൻഡ് ചെയ്യാൻ ജെട്ടികൾ നിർമിച്ചു. സഞ്ചാരികൾക്ക് വിശ്രമിക്കാൻ കെട്ടിടവും പണിഞ്ഞു. തുടർ നടപടികളുണ്ടായില്ല. തടസങ്ങൾ നീക്കാൻ നടപടി ഉണ്ടായതുമില്ല. കെട്ടിടങ്ങളും ജെട്ടിയും കാലപ്പഴക്കത്തിൽ നശിച്ചു തുടങ്ങി.