മിർസാദ് റോഡിൽ അപകടക്കെണി: ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും കുഴിയടച്ചു
text_fieldsഓട്ടോ തൊഴിലാളികളും വ്യാപാരികളും ചേർന്ന് മിർസാദ് റോഡിലെ കുഴിയടക്കുന്നു
വടുതല: ജപ്പാൻ കുടിവെള്ള പൈപ്പ് നന്നാക്കുന്നതിനായി പൊളിച്ച വടുതല മിർസാദ് റോഡിലെ അപകടക്കുഴി ഓട്ടോ തൊഴിലാളികളും വ്യാപാരികളും ചേർന്ന് അടച്ചു. പൈപ്പിടാൻ കുഴിച്ച റോഡിലെ കുഴി ഒരു വർഷമായിട്ടും നന്നാക്കാത്തതിൽ ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അർധരാത്രിയിൽ വളരെ ശ്രമകരമായാണ് ഈ പ്രവൃത്തി അവർ ചെയ്തത്. ഓട്ടോതൊഴിലാളികളായ ടി.എ. ഷഫീഖ്, മൻസൂർ, ഷംസുദ്ദീൻ, സുമേഷ്, അഖിൽ, വ്യാപാരികളായ സുഹൈൽ ബാവ, ഫിറോസ് എന്നിവർ നേതൃത്വം നൽകി. മിർസാദ് റോഡിലെ മിക്ക സ്ഥലങ്ങളിലും ജലഅതോറിറ്റി പൊളിച്ചത് നന്നാക്കാത്തത് റോഡിന്റെ തകർച്ചക്ക് കാരണമാകുന്നുണ്ട്.
വീട് കണക്ഷനെടുക്കുന്നതിനും അല്ലാതെയും റോഡ് പൊളിക്കുന്നതിനും നന്നാക്കാനുമുള്ള തുക ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നുണ്ടെങ്കിലും അത് നടക്കുന്നില്ല. മിർസാദ് റോഡിൽ തന്നെ മുന്നൂർപ്പള്ളി ഭാഗത്ത് റോഡിന്റെ പകുതിയിലധികം വീതിയിൽ റോഡ് ഒരു വർഷത്തിലധികമായി പൊളിച്ചിട്ടിരിക്കുകയാണ്.