നിറയെ ‘കരട്’കളുമായി കരട് വോട്ടർപട്ടിക
text_fieldsആലപ്പുഴ: ഇപ്പോൾ പുറത്തുവിട്ട വോട്ടർപട്ടിക വെച്ച് തെരഞ്ഞെടുപ്പ് നടന്നാൽ സ്ഥാനാർഥികൾ വോട്ടർമാരെ കണ്ടെത്താൻ നെട്ടോട്ടമോടേണ്ടിവരും. ഒരേ വീട്ടിൽ കഴിയുന്നവർ രണ്ട് വ്യത്യസ്ത വാർഡുകളിലെയും പഞ്ചായത്തുകളിലെയും വോട്ടർമാരായി മാറിയിട്ടുണ്ട്. മരിച്ചവർ പലരും പട്ടികയിലുണ്ട്. ജീവിച്ചിരിക്കുന്ന പലരെയും കാണാനുമില്ല. പരാതിയുമായി വരുന്നവരോട് ഹിയറിങ്ങിൽ പരിഹരിക്കാമെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, വോട്ടർപട്ടിക പരിശോധിക്കാത്ത ആയിരക്കണക്കിനു പേർ തെറ്റുകൾ അറിയാതെ പോവുകയാണെന്നും രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. ഒരു വാർഡിന്റെ കുറച്ചുഭാഗം ഒരു പട്ടികയിലും ബാക്കി മറ്റൊരു വാർഡിലെ പട്ടികയിലുമായവരുമുണ്ട്. ഇതോടെ വാർഡിന്റെ അതിർത്തി പട്ടിക നോക്കി നിശ്ചയിക്കേണ്ട സ്ഥിതിയാണെന്ന് പരാതി ഉയരുന്നു.
വാർഡുകൾ പുനഃസംഘടിപ്പിച്ചതോടെ മിക്കവയുടെയും അതിർത്തി മാറി. വാർഡുകളിൽ പുതുതായി കൂട്ടിച്ചേർത്ത ഭാഗത്തെ നാമമാത്ര വോട്ടർമാരെയേ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഒരു സ്ഥാനാർഥിക്കും അവരുടെ വാർഡ് അതിർത്തിയിൽ താമസിക്കുന്ന വോട്ടർമാരുടെ മാത്രം വോട്ടുകൊണ്ട് വിജയിക്കാനാവില്ല.
വിജയം നിർണയിക്കാനാകും വിധം വലിയ എണ്ണം വോട്ടർമാർ മറ്റ് വാർഡുകളിലെ താമസക്കാരാണ്. അവരെയെല്ലാം തേടിപ്പിടിച്ച് വോട്ട് ഉറപ്പാക്കുന്ന സ്ഥാനാർഥിക്കാവും വിജയിക്കാനാവുക. ഓരോ വാർഡുകളിലും 100ലേറെ വോട്ടർമാർ മറ്റ് വാർഡുകളിലെ താമസക്കാരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആലപ്പുഴ നഗരസഭയിലെ സിവ്യൂ വാർഡിന്റെ അതിർത്തികളിൽനിന്നും 100ഓളം വോട്ടർമാരെ വഴിച്ചേരി വാർഡിലേക്കും വാടക്കനാൽ വാർഡിന്റെ അതിർത്തിക്കുള്ളിൽനിന്നും 200ഓളം വോട്ടർമാരെ സിവ്യൂ വാർഡിലേക്കും മാറ്റിയിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇതുപോലെയാണ് മറ്റ് 50 വാർഡുകളിലും കൃത്രിമം നടന്നിട്ടുള്ളതെന്നും അവർ പറയുന്നു.
ആലപ്പുഴ നഗരത്തിലെ 53 വാർഡുകളിലെ ഡീലിമിറ്റേഷൻ നിശ്ചയിച്ച് അംഗീകരിച്ച് ഇപ്പോൾ പുറത്തുവിട്ട വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നിട്ടുള്ളതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ആരോപിച്ചു. ഇതിന് പിന്നിൽ തെരഞ്ഞെടുപ്പ് കമീഷനിലെ നഗരസഭ ഉദ്യോഗസ്ഥരും ജില്ലയിലെ സി.പി.എം നേതാക്കളുമാണ്.
അഞ്ച് വാർഡ് കണ്ടെത്തി അതിൽ ഭൂരിപക്ഷം വാർഡുകളിലും സി.പി.എമ്മിന് മാത്രം ജയിക്കത്തക്ക തരത്തിൽ ഓരോ വാർഡിന്റെയും അതിർത്തികൾ ലംഘിച്ചു സി.പി.എം വോട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ ക്രമക്കേടുകൾ വ്യാപകമാണെന്ന് ഷുക്കൂർ കുറ്റപ്പെടുത്തി. വോട്ടർപട്ടിക പരിശോധിക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടുമെന്നും ഷുക്കൂർ പറഞ്ഞു. നഗരസഭ സെക്രട്ടറിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരും ക്രമക്കേടുകൾ അടിയന്തരമായി പരിഹരിച്ചു വേണം അന്തിമ വോട്ടർപട്ടിക പുറത്തിറക്കേണ്ടതെന്നും ഷുക്കൂർ ആവശ്യപ്പെട്ടു.
വാർഡും പോളിങ് സ്റ്റേഷനും അറിയാൻ വോട്ടർമാർ നെട്ടോട്ടത്തിൽ
കായംകുളം: പുനർനിർണയിച്ച വാർഡുകളും പോളിങ് സ്റ്റേഷനുകളും അറിയാൻ കായംകുളം നഗരത്തിലെ വോട്ടർമാർ നെട്ടോട്ടത്തിൽ. വിഭജനത്തിന് ശേഷവും പഴയ വാർഡിൽ തന്നെ തുടരുന്ന വോട്ടർമാരും നിരവധിയാണ്. വാർഡ് 16ൽനിന്ന് 17ലേക്ക് മാറ്റിയവർ വോട്ടർ പട്ടിക വന്നപ്പോൾ പഴയ വാർഡിൽ തന്നെ തുടരുന്ന സ്ഥിതിയും നഗരത്തിലെ പ്രത്യേകതയാണ്. മിക്ക വാർഡിലും ഇത്തരം പിഴവുകൾ വ്യാപകമാണ്. പോളിങ് സ്റ്റേഷനുകൾ നിശ്ചയിച്ചതിലും അപാകതകൾ ഏറെയാണ്.
22ാം വാർഡിൽ അംഗീകരിക്കപ്പെട്ട പൊതുസ്ഥാപനം ഉണ്ടായിരിക്കെ ഇവിടുത്തുകാർക്ക് വാർഡ് 21ലാണ് ബൂത്ത് നിശ്ചയിച്ചിരിക്കുന്നത്. 19, 20 വാർഡുകളിലെ പൊലീസ് സ്റ്റേഷനുകൾ പരസ്പരം മാറിയതും ചർച്ചയായിട്ടുണ്ട്. പല വാർഡുകളിലും വോട്ടർമാരെ വ്യാപകമായി ഒഴിവാക്കിയതിൽ രാഷ്ട്രീയ താൽപര്യമാണുള്ളതെന്നാണ് ആക്ഷേപം.
ഇതിനിടെ വാർഡുകളുടെ പേര് നിശ്ചയിക്കുന്നതിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായും ആക്ഷേപം ഉയരുന്നു. വാർഡുകളിലുള്ള പൊതുസ്ഥാപനത്തിന്റെയോ അറിയപ്പെടുന്ന പൊതുസ്ഥലത്തിന്റെയോ പേരു കൊടുക്കണമെന്നാണ് നിർദേശം. എന്നാൽ, പല വാർഡുകൾക്കും മതസ്ഥാപനങ്ങളുടെ പേരാണ് നൽകിയതെന്നതും ശ്രദ്ധേയമാണ്. ഏരുവ ക്ഷേത്രം, മുഹ്യിദ്ദീൻ പള്ളി, കഷ്ണപുരം ടെമ്പിൾ തുടങ്ങിയ പേരുകൾ നൽകിയതാണ് ചർച്ചയാകുന്നത്.
മാവേലിക്കരയിലും കൂട്ടക്കുഴപ്പം
മാവേലിക്കര: അച്ഛനും അമ്മയും ഒരു വാർഡിലും മക്കൾ മറ്റൊരും വാർഡിലും വോട്ടർമാരായി. മാവേലിക്കര നഗരസഭയിലെ 10ാം വാർഡിൽ ഓരേ വീട്ടുനമ്പറിൽ താമസിക്കുന്നവരാണ് രണ്ടു വാർഡിലെ വേട്ടർമാരായത്. അച്ഛനും അമ്മയും താമസിക്കുന്ന വാർഡിലും മക്കൾ ഒമ്പതാം വാർഡിലെയും വോട്ടർപട്ടികയിലാണ്. ഉൾപ്പെട്ടിരിക്കുന്നത്. ഇതേ പ്രശ്നം പല വാർഡുകളിലും നിലനിൽക്കുന്നു. വാർഡുകൾ തമ്മിലുള്ള അതിർത്തിക്ക് പുറത്തുള്ളവരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ചില വാർഡുകളിൽ നാൽപതോളം വീടുകൾ ഇരട്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്.