ആലപ്പുഴ നഗരസഭ തെരഞ്ഞെടുപ്പിൽ നാടകീയരംഗങ്ങൾ; മോളി ജേക്കബ് അധ്യക്ഷ
text_fieldsആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബും വൈസ്ചെയർപേഴ്സൻ ജോസ് ചെല്ലപ്പനും സന്തോഷം പങ്കിടുന്നു
ആലപ്പുഴ: സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ച ആലപ്പുഴ നഗരസഭയിൽ കോൺഗ്രസിലെ മോളി ജേക്കബ് ചെയർപേഴ്സനായി. സ്വതന്ത്രൻ ജോസ് ചെല്ലപ്പനാണ് വൈസ് ചെയർപേഴ്സൻ. വെള്ളിയാഴ്ച രാവിലെ നഗരസഭാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങുന്നതിന് മുമ്പ് മാധ്യമപ്രവർത്തകർ കൗൺസിൽ ഹാളിൽനിന്ന് പുറത്തുപോകണമെന്ന വരണാധികാരി ഡെപ്യൂട്ടി കലക്ടർ ജെ. മോബിയുടെ നിർദേശം വാക്കേറ്റത്തിലും തർക്കത്തിലും കലാശിച്ചു. പിന്തുണയുമായി യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാരും രംഗത്തെത്തിയതോടെ ഒന്നേകാൽ മണിക്കൂറോളം വൈകിയാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്.
ആർക്കും കേവലഭൂരിപക്ഷമില്ലാതിരുന്ന നഗരസഭയിൽ നഗരസഭാധ്യക്ഷ, വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിലും വാശി പ്രകടമായിരുന്നു. ആരുടെയെങ്കിലും വോട്ട് ‘അസാധു’ ആകുമോയെന്ന ആകാംക്ഷയും നിറഞ്ഞുനിന്നു.ആകെയുള്ള 53 പേരിൽ എസ്.ഡി.പി.ഐ അംഗം സാഹിലമോൾ ഇരുസ്ഥാനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ യു.ഡി.എഫിനും പി.ഡി.പി അംഗം എസ്. ഫൈസൽ എൽ.ഡി.എഫിനും അനുകൂലമായി വോട്ടുചെയ്തു.
കോൺഗ്രസിലെ മോളി ജേക്കബ് 24 വോട്ടുനേടിയാണ് വിജയിച്ചത്. എതിർസ്ഥാനാർഥി സി.പി.എമ്മിലെ കെ.കെ. ജയമ്മ 23ഉം ബി.ജെ.പിയിലെ പ്രേമ ഉദയകുമാർ അഞ്ചും വോട്ടുകൾ നേടി. ഉച്ചക്കുശേഷം നടന്ന വൈസ്ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ 24 വോട്ടുകൾ നേടി വിജയിച്ചു. എതിർസ്ഥാനാർഥി സി.പി.ഐയിലെ ബീന ജോസഫിന് 23ഉം ബി.ജെ.പിയിലെ ടി.ജി. രാധാകൃഷ്ണന് അഞ്ചും വോട്ടുകളാണ് കിട്ടിയത്.
വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി. ജ്യോതിമോൾ രേഖപ്പെടുത്തിയ വോട്ടടയാളം തെളിഞ്ഞില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം ബഹളം വെച്ചെങ്കിലും പരിശോധനയിൽ വോട്ടുറപ്പിച്ചതോടെ പ്രതിപക്ഷനിര മൗനമായി. തൊപ്പി ധരിപ്പിച്ചും ഷാൾ അണിയിച്ചും മധുരപലഹാരങ്ങൾ വിതരണം നടത്തിയുമാണ് യു.ഡി.എഫ് വിജയാഘോഷത്തെ വരവേറ്റത്. നഗരസഭ ശതാബ്ദി മന്ദിരത്തിന് മുന്നിൽനിന്ന് നഗരംചുറ്റി പ്രകടനവും നടന്നു.
തെരഞ്ഞെടുപ്പ് വൈകി; തർക്കവും ബഹളവും മുറുകി
ആലപ്പുഴ: തർക്കത്തിലും ബഹളത്തിലും കലാശിച്ച ആലപ്പുഴ നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പിൽ നാടകീയരംഗങ്ങൾ. ശതാബ്ദി മന്ദിരത്തിലെ കൗൺസിൽ ഹാളിൽ നിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിടാനുള്ള വരണാധികാരിയുടെ നീക്കത്തിനെതിരെ പ്രതിഷേധമുയർന്നതോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമം മുക്കാൽ മണിക്കൂർ വൈകിയത്.
വരണാധികാരിയുടെ നിലപാടിനെ ചോദ്യംചെയ്ത് യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധമുയർത്തി. എന്നിട്ടും മാധ്യമപ്രവർത്തകൾ പുറത്തുപോകണമെന്ന് വരണാധികാരി ഉറപ്പിച്ചുപറഞ്ഞു. ഇത് സാധ്യമല്ലെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരും നിലയുറപ്പിച്ചതോടെ വാക്കേറ്റവും തർക്കമുണ്ടായി. ഒടുവിൽ പൊലീസെത്തി വരണാധികാരിയുമായി സംസാരിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.
അനാവശ്യവിവാദമുണ്ടാക്കി തെരഞ്ഞെടുപ്പ് നീട്ടുന്നതിനെതിരെ കൗൺസിലർമാർ ഒന്നടങ്കം അതൃപ്തിയറിച്ചതോടെയാണ് ലൈവ് ടെലികാസ്റ്റ് ഒഴിവാക്കി മാധ്യമപ്രവർത്തകർക്ക് ഇരിക്കാമെന്ന് സമ്മതിച്ചത്.
മോളിജേക്കബിന് ഇത് രണ്ടാമൂഴം
ആലപ്പുഴ: നഗരസഭയിലേക്ക് നാലാംതവണ വിജയിച്ച മോളി ജേക്കബിന് (69) അധ്യക്ഷപദവിയിൽ രണ്ടാംമൂഴം. ആലപ്പുഴ ബീച്ച് വാർഡ് വാഴക്കൂട്ടത്തിൽ റിട്ട. എസ്.ഐ ജേക്കബാണ് ഭർത്താവ്. കെ.പി.സി.സി സെക്രട്ടറി, മഹിളകോൺഗ്രസ് ജില്ലസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2002-2003 കാലഘട്ടത്തിലാണ് നേരത്തെ നഗരസഭാധ്യക്ഷയായത്. മക്കൾ: ജിമ്മി ജേക്കബ് (എക്സ് മിലിട്ടറി), ജിസ് ജേക്കബ് (ഖത്തർ), ജിഷ ജേക്കബ് (അധ്യാപിക, കാർമൽ സ്കൂൾ ആലപ്പുഴ). മരുമക്കൾ: പ്രിയവർഗീസ്, ജിജി, ബിജു (എസ്.ഐ പുളിങ്കുന്ന്).
വികസനരേഖയുമായി ജോസ് ചെല്ലൻ
ആലപ്പുഴ: വികനസരേഖമുമായി യു.ഡി.എഫിനൊപ്പം ചേർന്ന സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ (42) ഉപാധ്യക്ഷനാകുന്നത് ആദ്യം. അവിവാഹിതനാണ്. ആലപ്പുഴ മംഗലം വാർഡ് ചാരങ്ങാട്ട് ചെല്ലപ്പന്റെയും പരേതയായ അല്ലിയുടെയും മകനാണ്. 2015-2020 കാലഘട്ടത്തിൽ നഗരസഭ കൗൺസിലറായിരുന്നു. ജോസ് ചെല്ലപ്പന്റെ ഒരുവോട്ടിന്റെ ബലത്തിലാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. നഗരവികസനരേഖയിൽ പ്രധാനമായും മുന്നോട്ടുവെക്കുന്നത് കായികസ്വപ്നങ്ങൾക്ക് ചിറകുവിടർത്തുന്ന ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പൂർത്തീകരണമാണ്.


