കാൽപന്തുകളിയിലെ പെൺകരുത്ത്
text_fieldsമണ്ണഞ്ചേരി: പ്രതികൂല സാഹചര്യത്തെയും അവഗണനയെയും അതിജീവിച്ച് സുലു ഫുട്ബാൾ ലോകത്ത് പൂർത്തിയാക്കിയത് 20 വർഷങ്ങൾ. 12ാം വയസ്സിലാണ് കാൽപന്തിന്റെ കളിക്കളത്തിലേക്ക് ബൂട്ടും ജേഴ്സിയുമണിഞ്ഞ് സുലു കുഞ്ഞുമോൻ എന്ന കൊച്ചുപെൺകുട്ടി പിതാവിന്റെ കൈപിടിച്ച് കടന്നുചെല്ലുന്നത്. ആ ദൃഢനിശ്ചയത്തിന് കാൽപന്തിന്റെ ലോകം സുലുവിന് കാത്തുവെച്ചത് മികച്ച വനിത ഫുട്ബാൾ താരമെന്ന മേൽവിലാസം.
കേരള ടീമിന്റെ ബ്ലൈൻഡ് ഫുട്ബാളിന്റെ കീപ്പറായി പോയി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഡി.എഫ്.ആർ അസോസിയേഷന്റെ എക്സി. മെംബർ, അസോസിയേഷന്റെ കോച്ച്, അസോസിയേഷൻ ട്രഷറർ, ജില്ലയിലെ റഫറി വിത്ത് കോച്ച് മറ്റു ജില്ലകൾക്ക് വേണ്ടി മാസ്റ്റേഴ്സ് പോലുള്ള ഗെയിമിൽ പ്ലെയർ എന്നിങ്ങനെ ഫുട്ബാളിൽ തന്റേതായ സാന്നിധ്യം സുലു ഉറപ്പിച്ചു.
അവസാനം 2025 വണ്ടൂരിൽ നടന്ന മാസ്റ്റേഴ്സ് ടൂർണമെന്റിൽ റണ്ണേഴ്സായി. മലപ്പുറം ജില്ലക്കുവേണ്ടിയാണ് ബൂട്ടണിഞ്ഞത്. കളിക്കളത്തിലെ പ്രതികൂല സാഹചര്യങ്ങളെക്കാൾ സമൂഹം നൽകിയ അവഗണനയും അവഹേളനവും അതിജീവിച്ചപ്പോൾ കോട്ടയത്തെ ആദ്യ വനിത പരിശീലക, ആലപ്പുഴയിലെ ആദ്യ വനിത റഫറി എന്നീ പദവികൾ സ്വന്തമാക്കി. ഒപ്പം കോട്ടയം ലീഡ്സ് ഫുട്ബാൾ അക്കാദമിയിലെ വനിത പരിശീലക എന്ന നേട്ടവും.
ആലപ്പുഴ ആശ്രമം വാർഡിൽ വെളിയംപറമ്പിൽ വീട്ടിൽ കൂലിപ്പണിക്കാരനായ ടി.എ. കുഞ്ഞുമോന്റെയും ഷൈലയുടെയും രണ്ട് പെൺമക്കളിൽ മൂത്തയാളാണ് 31കാരിയായ സുലു. ആറു വർഷം ആലപ്പുഴ ജില്ല ടീമിൽ കളിച്ച സുലു വിവാഹത്തോടെ കളിക്കളത്തോട് വിട പറഞ്ഞു. എന്നാൽ, പരിശീലകൻ വിജയകുമാറിന്റെ ഇടപെടലിൽ ഭർത്താവ് മണ്ണഞ്ചേരി വാഴച്ചിറയിൽ ഫൈസാദിന്റെ പിന്തുണയോടെയാണ് സുലു കളിക്കളത്തിലേക്ക് രണ്ടാംവരവ് നടത്തിയത്. ഇപ്പോൾ പരിശീലകയുടെ മേലാപ്പണിഞ്ഞു. ജീവിതാനുഭവങ്ങൾ പാഠമാക്കി ഒരുപറ്റം വീട്ടമ്മമാരെയാണ് സുലു കാൽപന്തിന്റെ ലോകത്തേക്കെത്തിക്കുന്നത്.
ആലപ്പുഴ ടൗൺ ഫുട്ബാൾ ക്ലബ് എന്ന പേരിൽ തൃശൂരിൽ നടന്ന പ്രാദേശിക ഫുട്ബാൾ മത്സരത്തിൽ വിജയം നേടിയതോടെ സുലുവിന്റെ പെൺപടയുടെ പെരുമ നാടറിഞ്ഞു. 40നും 50നുമിടയിൽ പ്രായമുള്ള വീട്ടമ്മമാരാണ് ടീമംഗങ്ങൾ. കാൽപന്ത് ലോകത്തേക്ക് സ്ത്രീകൾ കടന്നുവരണമെന്നും അവരെ പരിശീലിപ്പിക്കാൻ താൻ തയാറാണെന്നും സുലു പറയുന്നു. ഇപ്പോൾ ഭർത്താവിനൊപ്പം മക്കളായ ഫർസാനയുടെയും ഫർഹാനയുടെയും പിന്തുണയും തനിക്ക് പ്രചോദനമെന്ന് സുലു പറഞ്ഞു.