മരണക്കയത്തിൽ നിന്നും കരകയറിയെങ്കിലും നടുക്കം മാറാതെ ഷിബു
text_fieldsഷിബു
മണ്ണഞ്ചേരി: മരണത്തിനും ജീവിതത്തിനുമിടയിൽ നിന്ന് കരക്കെത്തിയ ഷിബുവിന് രാവിലെ നടന്നത് ഓർക്കുമ്പോൾ ശരീരമാകെ തളരുന്നത് പോലെ തോന്നും. നടുക്കത്തിൽ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ല. പതിവ് പോലെ പുലർച്ചെ വീട്ടിൽ നിന്ന് കക്കാ വാരാൻ പോയതാണ് മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കരിമുറ്റത്ത് പി.ഷിബു (48). അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും പെട്ട് വള്ളം മുങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ പൊന്നാട് കിഴക്ക് ദേശിയ ജലപാതക്ക് സമീപത്തായിരുന്നു അപകടം. വേമ്പനാട്ട് കായലിലെ ആഴങ്ങളിലേക്ക് വള്ളം മെല്ലെ ആഴ്ന്നുതുടങ്ങിയത് നിസഹായതയോടെ നോക്കി നിൽക്കാനേ ഷിബുവിന് കഴിഞ്ഞുള്ളു.
എഞ്ചിനും, കൊല്ലിയുമടക്കം പണി ഉപകരണങ്ങൾ എല്ലാംതന്നെ നഷ്ടപ്പെട്ടു. അതുവഴി കടന്ന് പോയ ഹൗസ് ബോട്ടുകളോടടക്കം സഹായം അഭ്യർത്ഥിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ആരും തന്‍റെ നിസഹായാവസ്ഥ കണ്ടില്ലെന്ന് ഷിബു പറയുന്നു. മുങ്ങുന്ന വള്ളം അതിലെ കടന്നു പോയ ഹൗസ് ബോട്ടിൽ ചാരുകയും ശേഷം താഴ്ന്നു പോകുകയുമായിരുന്നു. തുടർന്ന് ആ ഹൗസ് ബോട്ടിൽ തൂങ്ങി അകത്തുകയറിയാണ് ഷിബു രക്ഷപ്പെട്ടത്. എന്നാൽ ജീവൻ തിരിച്ച് കിട്ടിയതിന്‍റെ ആശ്വാസത്തിലാണെങ്കിലും തന്‍റെ ജീവനോപാധി നഷ്ടപ്പെട്ടതിന്‍റെ കടുത്ത വേദനയിലും ഇന്ന് മുതൽ എന്ത് ചെയ്യുമെന്നറിയാത്ത വ്യാകുലതയിലുമാണ് ഷിബു.


