പ്രാരാബ്ദങ്ങളിൽ മുങ്ങി താഴുന്ന കുടുംബത്തിന് കൈതാങ്ങായി ഒരു നാലാം ക്ലാസുകാരി
text_fieldsഎൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഗൗരി
മണ്ണഞ്ചേരി: പ്രാരബ്ധങ്ങളുടെ ഇരുട്ടിൽനിന്ന് കരകയറാൻ കുടുംബത്തിന് പ്രകാശമാകുകയാണ് നാലാം ക്ലാസുകാരി ഗൗരി ഗവേഷ്. കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കേണ്ട പ്രായത്തിൽ പിതാവിനൊപ്പം എൽ.ഇ.ഡി ബൾബ് നിർമാണത്തിൽ പ്രവീണയാണ് ഈ കൊച്ചുമിടുക്കി. മണ്ണഞ്ചേരി പൊന്നാട് വിജയ വിലാസം ക്ഷേത്രത്തിന് സമീപം വാത്തിശ്ശേരിയിൽ വി.ജി. ഗവേഷിന്റെ മകൾ പൊന്നാട് ഗവ. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ഗൗരി ഗവേഷാണ് എൽ.ഇ.ഡി ബൾബ് നിർമാണത്തിൽ മികവുകാട്ടുന്നത്. രണ്ടുവർഷമായി വീട്ടിൽ ഇലക്ട്രിക് പവർ ഡിവൈസസ് എന്ന ചെറുകിട യൂനിറ്റ് നടത്തുകയാണ് ഗവേഷ്.
ഇലക്ട്രിക് ജോലികൾ ചെയ്ത് വരുകയായിരുന്ന ഗവേഷ് വലിയൊരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതോടെ ജോലികൾ തുടർന്ന് ചെയ്യാനായില്ല. സാമ്പത്തിക ബാധ്യത കൂടിയതോടെ രണ്ട് വർഷമായി വാടകക്ക് താമസിച്ചു വരുകയാണ് കുടുംബം. തുടർന്നാണ് ബൾബ് നിർമാണ ചെറുകിട വ്യവസായ യൂനിറ്റ് തുടങ്ങിയത്. ഹൈപവർ ലാമ്പ്, ട്യൂബ്, ബൾബ്, ഇൻവെർട്ടർ ബൾബ് തുടങ്ങിയവ ഇവിടെ നിർമിച്ച് വിതരണം ചെയ്യുന്നു.
അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ട ഗൗരി ആദ്യമൊക്കെ സഹായിയായി. പിന്നെയാണ് നിർമാണത്തിൽ എത്തിയത്. താനുംകൂടി ബൾബ് നിർമിക്കട്ടെ എന്നത് ഗൗരിയുടെ നിഷ്കളങ്ക ചോദ്യമായാണ് ആദ്യം ഗവേഷ് കരുതിയത്. എന്നാൽ, ഗൗരിയുടെ ഉത്സാഹവും താൽപര്യവും കണ്ടപ്പോൾ ഗവേഷ് സമ്മതിച്ചു. ആദ്യപടിയായി സോൾഡറിങ് ചെയ്യാൻ പഠിപ്പിച്ചു. ക്രമേണ ബൾബ് നിർമിച്ചു തുടങ്ങി. ഇപ്പോൾ ഒരു ബൾബ് നിർമിക്കാൻ ഗൗരിക്ക് അഞ്ചുമിനിറ്റ് മതി. ഒരുദിവസം 30 ബൾബ് വരെ ഗൗരി നിർമിക്കും. ആതിരയാണ് ഗൗരിയുടെ മാതാവ്. ഒന്നാം ക്ലാസുകാരി ശരണ്യ സഹോദരിയാണ്. ഇതിനോടകം നിരവധി അംഗീകാരങ്ങൾ ഈ കൊച്ചുമിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. ഗൗരി ഗവേഷിന് ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരവും ലഭിച്ചു. മാർച്ച് 14ന് തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേശീയ ചെയർമാൻ ബി.എസ്. ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്.