കരുതലും കൈത്താങ്ങും അദാലത്; കാര്‍ത്തികപ്പള്ളി താലൂക്കിൽ 268 പരാതിക്ക് പരിഹാരം
text_fieldsകൃഷിമന്ത്രി പി. പ്രസാദ് കായംകുളം നഗരസഭ സ്വദേശി ഉസ്മാൻകുഞ്ഞിന്റെ പരാതി പരിഗണിക്കുന്നു
ഹരിപ്പാട്: കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ 268 പരാതിയില്‍ തീര്‍പ്പ്. രാമപുരം ചേപ്പാട് താമരശ്ശേരി കണ്വെന്ഷന് സെന്ററില്‍ നടന്ന അദാലത്തില്‍ മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാന് തുടങ്ങിയവര്‍ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു. നേരത്തേ ലഭിച്ച 470 അപേക്ഷയില്‍ 385 പരാതിയാണ് പരിഗണാനര്‍ഹമായി ഉണ്ടായിരുന്നത്. മറ്റ് 117 അപേക്ഷയില്‍ സത്വര തുടര്‍നടപടികള്‍ക്ക് നിര്‍ദേശിച്ച് വകുപ്പുകള്‍ക്ക് കൈമാറി. കൗണ്ടറിലൂടെ 285 പുതിയ പരാതികൂടി ലഭിച്ചു.
വളരെക്കാലമായി കരം അടക്കാന്‍ സാധിക്കാതിരുന്ന 11 കേസില്‍ നികുതി രസീതുകള്‍ അദാലത്തില്‍ വിതരണം ചെയ്തതായി സമാപന ചടങ്ങില്‍ മന്ത്രി പ്രസാദ് അറിയിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് 12 കേസില്‍ തദ്ദേശ വകുപ്പിന് നിര്‍ദേശം നല്കി. കുമാരപുരം വില്ലേജിലെ ഓട്ടിസം ബാധിതനായ രവികൃഷ്ണന്‍ ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള ധനസഹായവും സ്വശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35,000 രൂപയും പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപയും അനുവദിച്ചു. പ്രകൃതിക്ഷോഭത്തില്‍ കോഴികളെ നഷ്ടപ്പെട്ട വീയപുരം വില്ലേജിലെ നഫീസത്ത് ബീവിക്ക് 10,000 രൂപയും അനുവദിച്ചു. കണ്ടല്ലൂര്‍ വില്ലേജിലെ ഭിന്നശേഷിക്കാരായ നീതുവിന് സ്വാശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 35,000 രൂപയും പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സഹായം നല്‍കാനും ഉത്തരവിട്ടു. എം.എല്‍.എമാരായ യു. പ്രതിഭ, തോമസ് കെ. തോമസ്, കലക്ടര്‍ അലക്സ് വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.