യുവാവിനെ പൂട്ടിയിട്ട് മർദനം:പ്രതികൾ പിടിയിൽ
text_fieldsഅശ്വിൻ, മുഹമ്മദ് ഫാറൂഖ്, യദു കൃഷ്ണൻ
ഹരിപ്പാട്: സൗഹൃദം നടിച്ച് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് മുറിയിൽ പൂട്ടിയിടുകയും മർദിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടി. വിഷ്ണു എന്ന യുവാവാണ് മർദനത്തിന് ഇരയായത്. കൊലക്കേസ് പ്രതിയായ യദുകൃഷ്ണൻ, നിരവധി കൊലപാതകശ്രമക്കേസിലെ പ്രതിയായ മുഹമ്മദ് ഫാറൂഖ്, അശ്വിൻ എന്നിവരെയാണ് ഹരിപ്പാട് ഐ.എസ്.എച്ച്.ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ജോലി കഴിഞ്ഞ് ബൈക്കിൽ വന്ന വിഷ്ണുവിനെ ഡാണാപ്പടിയിൽവെച്ച് യദുകൃഷ്ണൻ ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറുകയായിരുന്നു.തുടർന്ന് വീട്ടിലേക്ക് ക്ഷണിച്ചു. അവിടെയെത്തിയപ്പോൾ വിഷ്ണുവിനെ മറ്റ് രണ്ടുപേർ ചേർന്ന് പൂട്ടിയിടുകയും മർദിക്കുകയായിരുന്നു. ആ സമയം മുറിയിൽ 15 വയസ്സുള്ള രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും പ്രതികൾ ഉപദ്രവിക്കുന്നുണ്ടായിരുന്നു.
വിഷ്ണുവിന്റെ രണ്ട് പവന്റെ മാലയും അര പവന്റെ മോതിരവും കാതിൽ കിടന്ന റിങ്ങും സ്മാർട്ട് വാച്ചും ഊരിയെടുത്തശേഷം 15,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പണം ഇല്ലെന്ന് പറഞ്ഞ വിഷ്ണുവിനോട് ആരോടെങ്കിലും പറഞ്ഞ് ഗൂഗ്ൾ പേ യിൽ അയച്ചു തരാൻ ആവശ്യപ്പെട്ടു. നാലുപേരുടെ കൈയിൽനിന്ന് പണം അവർ നൽകിയ നമ്പറിലേക്ക് അയച്ചു. ഇതിനിടെ യദുകൃഷ്ണനും അശ്വിനുമായി വാക് തർക്കമുണ്ടാകുകയും യദുകൃഷ്ണൻ കമ്പിവടികൊണ്ട് അശ്വിനെ അടിച്ചു. മർദനത്തെ തുടർന്ന് ഇറങ്ങി ഓടിയ അശ്വിനെ പിടിക്കാൻ ഫാറൂഖും യദുകൃഷ്ണനും കൂടി പിറകെ ഓടി. ഈ അവസരം മുതലെടുത്ത് മുറിയിൽ ഉണ്ടായിരുന്ന പിള്ളേരും വിഷ്ണുവും രക്ഷപ്പെടുകയായിരുന്നു. രാത്രി 11ഓടെ പ്രധാന റോഡിൽ എത്തിയശേഷം കൂട്ടുകാരെ വിളിക്കുകയായിരുന്നു.
മർദനത്തിൽ പരിക്കേറ്റ വിഷ്ണു ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടി. പ്രധാന പ്രതിയായ യദുകൃഷ്ണൻ, പണം കൊടുക്കാത്തതിന്റെ പേരിൽ ഒരു ബംഗാൾ സ്വദേശി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ്. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്. ഫാറൂക്ക് ഹരിപ്പാട് അമ്പലത്തിനു മുന്നിൽവെച്ച് ചെറുപ്പക്കാര കുത്തിയ കേസിൽ ഇയാൾ ജയിലിലായിരുന്നു. ഐ.എസ്.എച്ച്.ഒ മുഹമ്മദ് ഷാഫി, എസ്.ഐ ഷെജ, എ.എസ്.ഐമാരായ ഷിഹാബ്, പ്രിയ, സി.പി.ഒമാരായ നിഷാദ്, ശ്രീജിത്, സജാദ്, രാകേഷ്, അമൽ, വിശ്യജിത്തു, അഭിജിത്, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


