കുട്ടികളെ ഭിക്ഷാടനത്തിന് ഇരയാക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി മാന്നാറിൽ പിടിയിൽ
text_fieldsഅന്തോണി
ഹരിപ്പാട്: തമിഴ്നാട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ ഹരിപ്പാട് എത്തിച്ച് ഭിക്ഷാടനത്തിന് ഇരയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി കാമരാജ് നഗർ സ്വദേശി അന്തോണി (31) യെയാണ് മാന്നാറിൽ നിന്നും പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ഭിക്ഷാടന മാഫിയയുടെ ക്രൂരത പുറംലോകം അറിഞ്ഞത്.
തൂത്തുക്കുടിയിൽ നിന്നും തന്റെ സഹോദരന്റെ 14ഉം 11ഉം വയസ്സുള്ള മക്കളെ പ്രതി അന്തോണി ഹരിപ്പാട് എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടികളെ നിർബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കി. ആവശ്യപ്പെടുന്ന തുക ഭിക്ഷയെടുത്ത് നൽകിയില്ലെങ്കിൽ കുട്ടികളെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്യുന്നത് പതിവായിരുന്നു. പീഡനം സഹിക്കവയ്യാതെ മൂത്തകുട്ടി സംഘത്തിൽ നിന്നും രക്ഷപ്പെട്ടു. ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ കുട്ടിയെ നാട്ടുകാരും ബ്ലോക്ക് പഞ്ചായത്ത് അംഗം റോഷിനും ചേർന്ന് കണ്ടെത്തുകയും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. കുട്ടിയെ താൽക്കാലികമായി ബാലഭവനിലേക്ക് മാറ്റി. ഇതോടെ അന്തോണി ഒളിവിൽ പോയി. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മാന്നാറിൽ നിന്നും പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ ഇയാളോടൊപ്പം രണ്ടാമത്തെ കുട്ടി ഉണ്ടായിരുന്നു.


