ഡോ. പ്രതീഷ് ജി. പണിക്കർക്ക് മികച്ച പൊതുമേഖല എം.ഡി പുരസ്കാരം
text_fieldsഡോ. പ്രതീഷ് ജി. പണിക്കർ
ഹരിപ്പാട്: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ മികച്ച മാനേജിങ് ഡയറക്ടർക്കുള്ള പുരസ്കാരത്തിന് കേരള സ്റ്റേറ്റ് കയർ കോർപറേഷന്റെയും ഫോംമാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡിന്റെയും മാനേജിങ് ഡയറക്ടറായ ഹരിപ്പാട് നങ്ങ്യാർകുളങ്ങര പ്രതീക്ഷയിൽ ഡോ. പ്രതീഷ് ജി. പണിക്കർ അർഹനായി. 18 വർഷമായി നഷ്ടത്തിലായിരുന്ന ഫോംമാറ്റിങ്സ് ലാഭത്തിലെത്തിച്ചതും വിറ്റുവരവും കയറ്റുമതിയും വർധിപ്പിച്ചതും പ്രതീഷ് ജി. പണിക്കരുടെ പ്രവർത്തനമികവാണ്.
കയർകോർപറേഷന്റെ വിറ്റുവരവ് 134.13 കോടിയിൽനിന്ന് 164.61 കോടിയായി ഉയർത്തി. കോർപ്പറേഷന്റെ നേരിട്ടുള്ള കയറ്റുമതി 10 കോടിയിൽനിന്ന് 12.5 കോടിയായി വർധിപ്പിച്ചു. ലോകവ്യവസായഭീമനായ വാൾമാൾട്ടിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കയർകോർപറേഷന്റെ ഉൽപന്നങ്ങൾ ലോകത്തെവിടെയും ലഭ്യമാക്കി.
രാജ്യത്ത് ആദ്യമായാണ് ഒരുപൊതുമേഖലാസ്ഥാപനം വാൾമാൾട്ടുമായി വിപണനക്കരാറിലേർപ്പെടുന്നത്. ഫോംമാറ്റിങ്സിന്റെ വിറ്റുവരവ് 10.3 കോടിയിൽനിന്ന് 16.5 കോടിയായി ഉയർത്തി. വർഷങ്ങൾക്കുശേഷം ഫോംമാറ്റിങ്സ് കയറ്റുമതി പുനരാരംഭിച്ചതും പ്രതീഷ് ജി. പണിക്കരുടെ മേൽനോട്ടത്തിലാണ്.
ഓൾ ഇന്ത്യ ബിസിനസ് ഡെവലപ്മെന്റ് അസോസിയേഷൻ, നാഷനൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഫോർ ഹാന്റിക്രാഫ്റ്റ്സ്, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ഡോ. നിഷ (ആയൂർവേദ മെഡിക്കൽ ഓഫിസർ പി.എച്ച്.സി പുന്നപ്ര). മക്കൾ: പി. കാശിനാഥ്, പി. കാർത്തിക്.