കുഴൽ കിണറുകൾ അനവധി; തുള്ളി കുടിക്കാൻ ഇല്ലത്രെ
text_fieldsഹരിപ്പാട് കുടിവെള്ളപദ്ധതിക്കായി പള്ളിപ്പാട് ഭാഗത്ത് നിർമിക്കുന്ന പ്ലാന്റ്
ഹരിപ്പാട്: തീരദേശവും അപ്പർ കുട്ടനാടും ഓണാട്ടുകരയും ഉൾപ്പെടുന്ന ഹരിപ്പാട് മണ്ഡലം നേരിടുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് കുടിവെള്ളക്ഷാമം. തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ചേപ്പാട്, പള്ളിപ്പാട്, ചെറുതന, കുമാരപുരം, ഹരിപ്പാട് നഗരസഭ എന്നിവ ജല അതോറിറ്റി ഹരിപ്പാട് സെക്ഷന്റെ പരിധിയിലും ആറാട്ടുപുഴ മുതുകുളം പഞ്ചായത്തുകൾ കായംകുളം സെക്ഷന്റെ പരിധിയിലുമാണുള്ളത്. ഏതാനും ചില പഞ്ചായത്തുകൾ ഒഴിച്ചാൽ ശേഷിക്കുന്ന പഞ്ചായത്തുകളിൽ ചെറുതും വലുതുമായ അളവിൽ കുടിവെള്ളക്ഷാമത്തിലാണ്.
തീരദേശപഞ്ചായത്തുകളായ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലുമാണ് കൂടുതൽ രൂക്ഷം. പൈപ്പ് ജലത്തെ മാത്രം ആശ്രയിക്കുന്ന ഇവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളം മുട്ടിപ്പോയാൽ ജീവിതം തന്നെ പ്രയാസത്തിലാകും. പഞ്ചായത്തിലെ മംഗലം കുറച്ചിക്കൽ, പള്ളിമുക്കിന് കിഴക്കുഭാഗം, കള്ളിക്കാട്, നാല്ലാണിക്കൽ മണിവേലിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ വേനൽകടുത്തതോടെ കുടിവെള്ളം കിട്ടാക്കനിയായി.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ആറാട്ടുപുഴ ഭാഗത്ത് ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകൾ
രണ്ട് കുഴൽക്കിണർ പുതുതായി സ്ഥാപിക്കുമ്പോൾ മൂന്നെണ്ണം കേടാകുന്ന സാഹചര്യമാണുള്ളത്. ടാങ്കറിൽ വെള്ളം എത്തിച്ചാണ് കുടിവെള്ളപ്രശ്നത്തിന് നിലവിൽ പരിഹാരം കാണുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്തിൽ 16-ാംവാർഡിൽ ഹൈസ്കൂളിന് കിഴക്ക് ജലക്ഷാമം രൂക്ഷമാണ്. കരുവാറ്റ പഞ്ചായത്തിൽ മാലി, കൊപ്പാറക്കടവ്, മങ്കുഴി, റെയിൽവേ സ്റ്റേഷൻ പരിസരം എന്നീ പ്രദേശങ്ങളിലാണ് ക്ഷാമം കൂടുതലുള്ളത്.
14 വാർഡുകളിലേക്കായി നാല് കുഴൽകിണർ മാത്രമാണുള്ളത്. മൂന്ന് കുഴൽകിണറുകൾ ഉടൻ കമീഷൻ ചെയ്യുന്നതോടെ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തെ പ്രശ്നത്തിന് കുറേയെങ്കിലും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ലൈനിൽ തകരാർ ഉണ്ടാകുന്നതും കുടിവെള്ളം മുടക്കുന്നു.
കുമാരപുരം ഗ്രാമപഞ്ചായത്തിൽ ആറ്, ഏഴ് വാർഡുകളിൽ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ദേശീയപാതക്ക് കിഴക്ക് ഒരുകുഴൽകിണർ പോലും നിലവിലില്ല. സംസ്ഥാന പദ്ധതിയിൽപെടുത്തി കുഴൽകിണറിനായി പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ചെറുതന പഞ്ചായത്ത് ആറ്, ഏഴ് വാർഡുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ആനാരി വടക്കേക്കരയിൽ ചെറുതന പ്ലേ ഗ്രൗണ്ടിൽ നിർമാണം പുരോഗമിക്കുന്ന കുഴൽകിണർ യാഥാർഥ്യമാകുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് കരുതുന്നു.
പള്ളിപ്പാട് പഞ്ചായത്തിൽ പൊയ്യക്കര വടക്ക് ഭാഗത്ത് ജലക്ഷാമം രൂക്ഷമാണ്. ചേപ്പാട് പഞ്ചായത്തിൽ ഏവൂർ, റെയിൽവേ സ്റ്റേഷൻ ഭാഗം എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ല. രണ്ട് കുഴൽകിണർ മാത്രമാണ് ഈ പഞ്ചായത്തിൽ ഉള്ളത്. രണ്ടെണ്ണം കൂടി നിർമിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കാർത്തികപ്പള്ളി പഞ്ചായത്തിൽ ഒന്ന്, എട്ട് വാർഡുകളിൽ ജലക്ഷാമം രൂക്ഷമാണ്. രണ്ട് കുഴൽകിണറുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്.
ചിങ്ങോലി പഞ്ചായത്തിൽ ഒന്ന്, നാലു വാർഡുകളിൽ പൈപ്പ് വെള്ളം ലഭിക്കുന്നില്ല. യു.പി. സ്കൂൾ ഗ്രൗണ്ടിലെ കുഴൽകിണർ കേടായതാണ് കാരണം. ഹരിപ്പാട് നഗരസഭയിൽ ഒരുകുഴൽകിണർ മാത്രമാണുള്ളത്. ഹരിപ്പാട് നഗരസഭ അമൃത് 2.0 പദ്ധതിയുടെ ഭാഗമായി തൃപ്പക്കുടത്ത് ഏഴ് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഓവർഹെഡ് ടാങ്ക്, പൈപ്പ് ലൈൻ ദീർഘിപ്പിക്കുന്ന പ്രവർത്തനങ്ങളും തുടങ്ങി.
കേന്ദ്ര-കേരള സർക്കാറുകളും നഗരസഭയും ചേർന്ന് ചെലവ് വഹിക്കുന്ന ഈ പദ്ധതിക്ക് 4.96 കോടിയാണ് ചെലവ്. പദ്ധതി പൂർത്തിയാവുന്നതോടെ ഹരിപ്പാടിന്റെ കുടിവെള്ളക്ഷാമത്തിന് അറുതിയാവും. കുഴൽകിണറുകളാണ് മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സ്. നിലവിലുള്ള പദ്ധതികളുടെ കണക്കെടുത്താൽ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സുലഭമായി വെള്ളം ലഭിക്കണം.
എന്നാൽ വേനൽ കടുക്കുമ്പോൾ സ്ഥിതി ഗുരുതരമാകും. ജലലഭ്യത കുറവ് കൊണ്ടും ചേറും ഓരുവെള്ളം കയറിയും കുഴൽക്കിണറുകൾ പലതും കേടാകുന്നതിനാൽ പദ്ധതികളുടെ ഗുണം മുഴുവനായും ലഭിക്കുന്നില്ല. മറ്റുള്ള ലൈനുകളുമായി ബന്ധിപ്പിച്ചാണ് താൽകാലികമായി പ്രശ്നത്തിന് പരിഹാരം കാണുന്നത്. ഇത് മറ്റു പലയിടങ്ങളിലും സുഭിക്ഷമായി ജലം എത്തുന്നതിന് തടസ്സമാകും.
ഹരിപ്പാട് കുടിവെള്ളപദ്ധതി എപ്പോൾ ശരിയാകും?
230 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഹരിപ്പാട് കുടിവെള്ള പദ്ധതി യാഥാർഥ്യമായാൽ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് എന്ന് യാഥാർഥ്യമാകുമെന്ന കാര്യത്തിൽ ഉറപ്പു പറയാൻ ആർക്കും ആകുന്നില്ല. 2023 ജൂണിൽ യാഥാർഥ്യമാകേണ്ട പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഒരുപതിറ്റാണ്ടിൽ എത്തിനിൽക്കുമ്പോഴും പൂർത്തിയായിട്ടില്ല.
മാന്നാർ മുല്ലശ്ശേരിയിൽ നിന്നുള്ള വെള്ളം പള്ളിപ്പാട് ശുദ്ധീകരണശാലയിൽ എത്തിച്ച് ഹരിപ്പാട് മണ്ഡലത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതി. പ്ലാന്റിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. 14 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കുന്ന ടാങ്കാണ് ഇവിടെ നിർമിച്ചിട്ടുള്ളത്.
10 പഞ്ചായത്തുകളിലും ഉപരിതലതല ജലസംഭരണി നിർമിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ജലജീവൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പഞ്ചായത്തുകളിലെ വീടുകളിൽ കണക്ഷൻ നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തിൽ ആകെ നൽകേണ്ടിയിരുന്ന 11012 കണക്ഷനുകളിൽ 9320 കണക്ഷനുകൾ നൽകി.
പ്ലാന്റില്ല, ഉള്ളത് കുഴൽ കിണർ മാത്രം
കുഴൽ കിണറുകളെ മാത്രം ആശ്രയിക്കുന്നതിനാലാണ് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകാത്തത്. എട്ട് പഞ്ചായത്തും ഒരു നഗരസഭയും ഉൾപ്പെടുന്ന ജലഅതോറിറ്റി ഹരിപ്പാട് സെക്ഷന്റെ പരിധിയിൽ ഒരു കുടിവെള്ള പ്ലാന്റുപോലുമില്ല.
വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച 47 കുഴൽ കിണറുകളിലൂടെയാണ് ജലവിതരണം. കായംകുളം സെക്ഷന്റെ പരിധിയിലുള്ള ആറാട്ടുപുഴ പഞ്ചായത്തിൽ പതിനാറും മുതുകുളം പഞ്ചായത്തിൽ ആറും കുഴൽകിണറുകൾ ഉണ്ട്. കുഴൽ കിണറുകളിൽനിന്ന് നേരിട്ട് പമ്പിങ് നടത്തുന്നതിനാൽ വൈദ്യുതി മുടങ്ങിയാൽ ഉടൻ കുടിവെള്ളവും നിലക്കുന്ന അവസ്ഥയാണ്.
കടുത്ത വേനലിൽ ജലലഭ്യത കുറയുകയും വിവിധ കാരണങ്ങളാൽ കുഴൽ കിണറുകൾ കേടാവുകയും ചെയ്യുന്ന അവസ്ഥ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കുന്നു. പ്രശ്നത്തിന് പരിഹാരമായാണ് ഹരിപ്പാട് കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത്. ഇത് യാഥാർഥ്യമാകുന്നത് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
കായംകുളം സെക്ഷന്റെ പരിധിയിൽ സുനാമി പദ്ധതിപ്രകാരം നിർമിച്ച പത്തിയൂർ പ്ലാന്റാണ് ആകെയുള്ളത്. സുനാമി ബാധിത പഞ്ചായത്തായ ആറാട്ടുപുഴയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് സ്ഥാപിച്ചതെങ്കിലും ഇതിന്റെ ഫലം പൂർണമായും അനുഭവിക്കുന്നത് കായംകുളം നഗരസഭ അടക്കമുള്ള മറ്റ് പല പ്രദേശങ്ങളുമാണ്. കള്ളിക്കാട് എ.കെ.ജി. നഗർ മംഗലം എന്നിവിടങ്ങളിലേക്ക് മാത്രമാണ് കുറഞ്ഞ അളവിൽ പ്ലാന്റിൽ നിന്നുള്ള വെള്ളം ലഭിക്കുന്നത്.
കുഴൽകിണറുകൾ അടിക്കടി കേടാകുന്നതിനാൽ സർക്കാറിന് ഉണ്ടാകുന്ന നഷ്ടങ്ങളും ഏറെയാണ്. മാസങ്ങളോളം ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ ലക്ഷങ്ങളാണ് ഓരോ വർഷവും ചെലവഴിക്കുന്നത്.