മയക്കുമരുന്ന് കേസിൽ യുവാക്കൾ പിടിയിൽ
text_fieldsസെബിൻ, സോബിൻ, അഖിൽ
ഹരിപ്പാട്: മയക്കുമരുന്നുമായി വില്പനക്കാരനും മൊത്തവിതരണക്കാരനും പിടിയിലായി. എം.ഡി.എം.എയും കഞ്ചാവുമായി കരുവാറ്റ ആഞ്ചിൽ സെബിനെയാണ് (24) ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് പിടികൂടിയത്.
13 ഗ്രാം എം.ഡി.എം.എയും 1.375 കി.ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. മയക്കുമരുന്ന് എത്തിച്ചുനൽകിയ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കരുവറ്റ പുത്തൻവീട്ടിൽ സോബിനെ (25) എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു.
കരുവാറ്റ പണിക്കന്റെ പറമ്പിൽ വീട്ടിൽ അഖിൽ (24) എന്നയാളെ ലഹരി മരുന്നുമായി മുമ്പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇവരെ കുറിച്ച വിവരങ്ങൾ ലഭിച്ചത്.
ക്രിസ്മസ് -പുതുവത്സരം പ്രമാണിച്ച് വിൽപനക്കായി ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുമായി സെബിനെ പിടികൂടുകയും ചോദ്യം ചെയ്തതിൽ മൊത്ത വിതരണക്കാരൻ സോബിനെ എറണാകുളം ഭാഗത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം ഡി.വൈ.എസ്.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ബിജു, ശ്രീകുമാർ, ഷൈജ, ഉദയൻ, എസ്.സി.പി.ഒ സനീഷ്, ശ്രീജിത്, രാകേഷ്, നിഷാദ്, കാർത്തി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.