കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് മത്സ്യ, മാംസ വില
text_fieldsഹരിപ്പാട്: വെള്ളത്തിൽ നിന്നാണ് കരകയറിവരുന്നതെങ്കിലും മീൻ വാങ്ങാൻ ഇറങ്ങിയാൽ കൈപൊള്ളും. മീൻകറിയില്ലാതെ ഉൗണ് കഴിക്കാൻ കഴിയാത്തവർ മീൻവില കേട്ട് ആശങ്കപ്പെടുകയാണ്. അത്രക്കാണ് മീൻ വില. കോഴിയിറച്ചി വിലയിൽ പലപ്പോഴും ചാഞ്ചാട്ടമുണ്ടാകുന്നു. മാട്ടിറച്ചി വില മാത്രമാണ് വലിയ ചാട്ടമില്ലാതെ നിൽക്കുന്നത്. താറാവിറച്ചിക്കും വലിയ വർധനയാണുണ്ടായത്. ഇതെല്ലാം അടുക്കള ബജറ്റിന്റെ താളംതെറ്റിക്കുന്നു.
മുൻവർഷങ്ങളെ അപേക്ഷിച്ച് മത്സ്യലഭ്യതയിലുണ്ടായ വലിയ കുറവാണ് മീൻ വില വർധിക്കാൻ കാരണം. ചെറിയ മത്തിയൊഴിച്ച് ബാക്കി മുഴുവൻ മത്സ്യങ്ങൾക്കും വിപണിയിൽ പൊള്ളുന്ന വിലയാണ്. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ നിന്ന് മത്സ്യം വിപണിയിലെത്തുമ്പോൾ പൊള്ളുന്ന വിലയായി മാറും. കർണാടക, ഗോവ, മുംബൈയിലെ രത്നഗിരി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായി കേരളത്തിലേക്ക് മീൻ എത്തുന്നത്. കേരളത്തിലും പുറത്തും ഒരുപോലെ മത്സ്യക്ഷാമം നേരിടുന്നതാണ് മത്സ്യത്തിന് പൊള്ളുന്ന വില വരാൻ കാരണം.
ഈ മാസങ്ങളിൽ ഗുരുതരമായ മത്സ്യക്ഷാമം ഉണ്ടായിട്ടില്ലെന്ന് മൊത്ത വ്യാപാരിയായ സി.എച്ച്. സാലി പറഞ്ഞു. മുമ്പൊക്കെ ദിനംപ്രതി 15 ലോഡ് മത്സ്യം വന്ന സ്ഥാനത്ത് രണ്ട് ലോഡ് മാത്രമാണ് ഇപ്പോൾ എത്തുന്നത്. വില കുതിച്ചുയർന്നതോടെ ചില്ലറ വിൽപനക്കാർ അധികം പേരും മീൻ എടുക്കാതെ മടങ്ങുകയാണ്. വരും ദിവസങ്ങളിൽ പ്രതിസന്ധിക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. പൊന്തു വള്ളക്കാർക്ക് ലഭിക്കുന്ന ചെറിയ മത്തിക്ക് മാത്രമാണ് വിലയിൽ ആശ്വാസമുള്ളത്. 100 രൂപയും അതിൽ താഴെയും വിലയ്ക്ക് മത്തി ലഭിക്കുന്നുണ്ട്.
ആവശ്യക്കാർ കുറവായതിനാൽ മൊത്തക്കച്ചവടക്കാർ മത്തി വാങ്ങാറില്ല. കടൽത്തീരങ്ങളിൽ നിന്ന് വളം ആവശ്യത്തിനാണ് മത്തി അധികവും പോകുന്നത്. പൊന്തുവള്ളക്കാർക്ക് ലഭിക്കുന്ന കുറഞ്ഞ അളവിലുള്ള മത്തിയാണ് മാർക്കറ്റിൽ എത്തുന്നത്. മാർക്കറ്റിൽ ഡിമാന്റുള്ള കൊഴുവ, കിളിമീൻ തുടങ്ങിയവ കിട്ടുന്നുമില്ല. വില കൂടിയതോടെ വിൽപന കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു.
കടകളിൽ മത്സ്യം വാങ്ങാനെത്തുന്ന പലരും വില കേൾക്കുമ്പോൾ മടങ്ങുന്ന അവസ്ഥയാണ്. ഇറച്ചിവില കുറെ മാസങ്ങളായി അധികം താഴ്ന്നോ ഉയർന്നോ പോകാതെ തുടരുകയാണ്. പോത്തിറച്ചി വില കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് 400 രൂപയായി ഉയർന്നത്. ഇപ്പോഴും ഈ ഉയർന്ന വിലയിൽ തന്നെ തുടരുകയാണ്.
ആശ്വാസം കോഴിവില മാത്രം
മീനിനെ അപേക്ഷിച്ച് കോഴിവില അൽപം ആശ്വാസം പകരുന്നതാണ്. കോഴിക്ക് കിലോക്ക് 130 രൂപയാണ് ചില്ലറവില. ഇറച്ചി കിലോ 200 രൂപ വരും. ഏതാനും മാസങ്ങളായി ചെറിയ വ്യത്യാസത്തിൽ തന്നെയാണ് കോഴിവില മുന്നോട്ട് പോകുന്നത്. ദീപാവലിക്ക് കോഴിവിലയിൽ ചെറിയ വർധനവ് ഉണ്ടായിരുന്നു.
അന്ന് 170 രൂപയായിരുന്നു ഇറച്ചിക്കോഴി വില. പക്ഷിപ്പനി ബാധ വന്നാൽ ഇത് ഏത് സമയത്തും മാറിമറിയാം. ആട്ടിറച്ചിയുടെ വില 900 രൂപക്ക് മുകളിലാണ്. ചിലയിടങ്ങളിൽ കിലോക്ക് 1000 രൂപയുണ്ട്. ജില്ലയുടെ തനത് വിഭവമായ താറാവിറച്ചിക്ക് വില ഉയർന്ന നിലയിലാണ്.
ജില്ലയിൽ പക്ഷിവളർത്തൽ നിരോധിച്ചതോടെ താറാവിറച്ചി ലഭ്യത ഗണ്യമായി കുറഞ്ഞു. ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന താറാവുകളാണ് വിൽക്കുന്നത്. താറാവ് ഒന്നിന് 300 രൂപവരെയാണ് വില.
തമിഴനാട് താറാവ് ഒന്നിന് ഒരുകിലോയിൽ താഴെ മാത്രമെ തൂക്കമുള്ളൂ. ഇറച്ചിയാകുമ്പോൾ അരക്കിലോയിൽ കൂടുതൽ വരില്ല. അതിനാൽ രണ്ട് താറാവുകളെ വാങ്ങിയെങ്കിലേ ഒരുകിലോ ഇറച്ചി ലഭിക്കൂ എന്ന സ്ഥിതിയാണ്.
തുടരും....