പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കം; വള്ളംകളി ഞായറാഴ്ച
text_fieldsഹരിപ്പാട്: പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കമാകും. ഞായറാഴ്ച വള്ളംകളിയോടെ സമാപിക്കും. 10 ചുണ്ടൻ വള്ളങ്ങളും വെപ്പ് എ ഉൾപ്പെടെ 40ലധികം കളിവള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. കുട്ടികളുടെ ജലമേള, കാർഷിക സെമിനാർ, ജലഘോഷയാത്ര എന്നിവയും നടക്കും.
വെള്ളിയാഴ്ച രാവിലെ ഏഴിന് കെ.കാർത്തികേയൻ പതാക ഉയർത്തും. എട്ടിന് 12 ചുണ്ടൻ വള്ളങ്ങൾ ക്ഷേത്ര ദർശനം നടത്തും. രണ്ടിന് എബി മാത്യു കുട്ടികളുടെ ജലമേള ഉദ്ഘാടനം ചെയ്യും. ആറിന് ഉച്ചക്ക് ഒന്നരക്ക് പി.ഓമന കാർഷിക സെമിനാറും മൂന്നിന് റെയിസ് കമ്മിറ്റി കൺവീനർ അജിത് കുമാർ ജലമേളയും ഉദ്ഘാടനം ചെയ്യും.
എഴിനു ഉച്ചക്ക് ഒന്നരക്ക് മത്സരവള്ളംകളി പൊതുസമ്മേളനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് അധ്യക്ഷത വഹിക്കും. മത്സര വള്ളംകളി ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. കെ.സി. വേണുഗോപാൽ എം.പി ജല ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ സുവനീർ പ്രകാശനം ചെയ്യും.
കലക്ടർ അലക്സ് വർഗീസ് മുഖ്യ പ്രഭാഷണവും കൊടിക്കുന്നിൽ സുരേഷ് എം. പി സമ്മാനദാനവും നടത്തും. സ്റ്റാർട്ടിങ്, ഫിനിഷിങ് പോയന്റുകളിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്ന് സമിതി അറിയിച്ചു.സി. പ്രസാദ്, പ്രണവം ശ്രീകുമാർ, സന്തോഷ് കുമാർ, ജയചന്ദ്രൻ. ഷാജൻ ജോർജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.