വസ്തു ഇടപാട്: 22 ലക്ഷം തട്ടിയ കോടതി ജീവനക്കാരൻ അറസ്റ്റിൽ
text_fieldsരാജീവ് എസ്.
നായർ
ഹരിപ്പാട്: വസ്തു വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ തട്ടിയെടുത്ത കോടതി ജീവനക്കാരനെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം കരുവാറ്റ തെക്ക് കൊച്ചുപരിയാത്ത് വീട്ടിൽ രാജീവ് എസ്. നായരാണ് (44) പിടിയിലായത്. ചെങ്ങന്നൂർ കോടതിയിലെ ബെഞ്ച് ക്ലർക്കായ രാജീവ്, കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ ഗോപികയിൽ നിന്നാണ് പണം തട്ടിയെടുത്തത്.
ഗോപികയുടെ സഹോദരൻ രാജീവിന്റെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഈ പരിചയം മുതലെടുത്ത് വീടുവെക്കാൻ സ്ഥലം തേടുന്നുണ്ടെന്നറിഞ്ഞ രാജീവ് മാവേലിക്കര കുടുംബ കോടതിക്ക് എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് വസ്തു ലഭ്യമാണെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഗോപികയിൽ നിന്ന് പണമായും ഗൂഗിൾ പേ വഴിയും 22 ലക്ഷം രൂപ വാങ്ങി. വസ്തു കാണിക്കുകയും അത് കോടതി സീൽ ചെയ്ത നിലയിലാണെന്ന് ധരിപ്പിക്കുകയും ചെയ്തു.
വസ്തുവിന്റെ ബാധ്യത തീർക്കാൻ ജീവനക്കാർക്കും മറ്റുള്ളവർക്കും പണം നൽകണമെന്ന് പറഞ്ഞ് പണം വാങ്ങി. എന്നാൽ വസ്തു ലഭിക്കാതെ വന്നതോടെ ഗോപികയും ഭർത്താവും ഹരിപ്പാട് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജീവ് വാഗ്ദാനം ചെയ്ത വസ്തു കൊല്ലത്തുള്ള ഒരാളുടെതാണെന്ന് കണ്ടെത്തി. ഒളിവിൽപോയ രാജീവിനെ തിങ്കളാഴ്ച പിടികൂടി.


